അമേരിക്കയുടെ പ്രസിഡന്റായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഡോണൾഡ് ട്രംപിന് ആശംസകളുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുടെയും ഇന്ത്യയുടെയും മികച്ച ഭാവിക്കായി ഒന്നിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. പ്രിയ സുഹൃത്ത് ഡോണൾഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങളെന്നും രണ്ടാം വരവും വിജകരമാകട്ടെയെന്നുമാണ് മോദി എക്സ്സിൽ കുറിച്ചത്.
അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് തിങ്കളാഴ്ച്ചയാണ് സത്യപ്രതിജ്ഞ ചെയ്തത്. കാപിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിൽ ഇന്ത്യൻ സമയം രാത്രി 10.30ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്തു. നിരവധി ലോകനേതാക്കളും ശതകോടീശ്വരന്മാരും പ്രമുഖ കമ്പനികളുടെ സിഇഒമാരും ചടങ്ങില്‍ പങ്കെടുത്തു. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ത്യയുടെ പ്രതിനിധിയായി ചടങ്ങിൽ പങ്കെടുത്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.