
ഒമ്പത് മാസത്തിനു ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്ക് മടങ്ങിയ സുനിത വില്ല്യംസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. സുനിതയെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചു കൊണ്ടാണ് പ്രധാനമന്ത്രി കത്തയച്ചത്. സുനിത വില്യംസും, ബുച്ച് വിൽമോറും സ്പേസ് എക്സ് കാപ്സ്യൂളിൽ ഭൂമിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പതിനേഴ് മണിക്കൂറോളം നീളുന്ന യാത്രയ്ക്ക് ശേഷം ബുധനാഴ്ച പുലർച്ചെ 3:27ഓടെയാകും പേടകം ഭൂമിയിൽ ഇറങ്ങുക എന്നാണ് സൂചന. മൂന്നരയോടെ പേടകം മെക്‌സിക്കൻ ഉൾക്കടലിൽ ഫ്‌ലോറിഡയുടെതീരത്തോട് ചേർന്ന് ലാൻഡ് ചെയ്യുമെന്നാണ് പ്രതീക്ഷ.
സുനിത വില്യംസിന്റെ നേട്ടങ്ങളിൽ അതിയായ അഭിമാനമുണ്ടെന്നും മോദി കത്തിൽ എഴുതി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും മുൻ പ്രസിഡന്റ് ജോ ബൈഡനുമായും നടത്തിയ കൂടിക്കാഴ്ചയിൽ,സുനിതയെ കുറിച്ച് അന്വേഷിച്ചതായും പ്രധാനമന്ത്രി കത്തിൽ പരാമർശിച്ചു. 2016 ലെ യുഎസ് സന്ദർശന വേളയിൽ അവരുടെ കുടുംബത്തെ കണ്ടുമുട്ടിയതും അദ്ദേഹം ഓർമ്മിച്ചു.
‘ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും, നിങ്ങൾ ഞങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു. നിങ്ങളുടെ നല്ല ആരോഗ്യത്തിനും വിജയത്തിനും വേണ്ടി ഇന്ത്യയിലെ ജനങ്ങൾ പ്രാർത്ഥിക്കുന്നുവെന്നും നരേന്ദ്ര മോദി കത്തിൽ പരാമർശിച്ചു.