ലക്നൗ: പ്രയാഗ് രാജിൽ മഹാകുംഭമേളയിൽ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പാണ് അദ്ദേഹം ഗംഗാതീരത്ത് എത്തിയത്. തുടർന്ന് മോദി പൂജയും നടത്തി. കുംഭമേളയിൽ പങ്കെടുക്കാനായത് അനുഗ്രഹമെന്ന് മോദി പറഞ്ഞു. കഴിഞ്ഞ മാസം 13 ന് തുടങ്ങിയ മഹാ കുംഭമേളയിൽ ആദ്യമായാണ് പ്രധാനമന്ത്രി എത്തിയത്.
രാവിലെ പ്രയാഗ് രാജ് വിമാനത്താവളത്തിലെത്തിയ മോദി സൈനിക ഹെലികോപ്റ്ററിൽ കുംഭമേള നഗരിയിലേക്കെത്തി. തിരക്ക് ഒഴിവാക്കാൻ യോഗി ആദിത്യനാഥിനൊപ്പം ബോട്ടിൽ പ്രത്യേക വഴിയിലൂടെയാണ് അദ്ദേഹം സ്നാന സ്ഥലത്ത് എത്തിയത്. കുംഭമേളയിൽ പങ്കെടുക്കാനെത്തിയവരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു യാത്ര. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രയാഗ് രാജിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.