
ഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും ആർ എസ് എസി നെയും വാനോളം പുകഴ്ത്തിയും പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ചും ചൈനയുമായി നല്ല ബന്ധവും റഷ്യ-യുക്രൈൻ യുദ്ധത്തിൽ സമാധാനവും ആഗ്രഹിക്കുന്നതായി വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ പോഡ്കാസ്റ്റ്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അസാമാന്യ ധൈര്യമുള്ള വ്യക്തിയാണ്, സുശക്തമായ ബന്ധം തനിക്ക് ട്രംപുമായുണ്ട്, താൻ ഒരു കർക്കശക്കാരനായ വിലപേശലുകാരനാണെന്ന ട്രംപിന്‍റെ പരാമർശത്തോട് പ്രതികരിക്കുന്നില്ലെന്നും, ഏത് വേദിയിലും രാജ്യതാൽപര്യത്തെയാണ് താൻ മുന്നോട്ട് വയ്ക്കുന്നതെന്നും മോദി പറഞ്ഞു. പ്രസിഡന്‍റല്ലാതിരുന്ന കാലത്തും ട്രംപുമായി മികച്ച ബന്ധമുണ്ടായിരുന്നെന്നും മോദി വ്യക്തമാക്കി. അമേരിക്കൻ കംപ്യൂട്ടർ സയന്‍റിസ്റ്റായ ലെക്സ് ഫ്രിഡ്മാന്‍റെ പോഡ്കാസ്റ്റിൽ കുട്ടിക്കാലം മുതൽ ലോകരാഷ്ട്രീയംവരെയുള്ള വിഷയങ്ങളിൽ മൂന്ന് മണിക്കൂറിലധികം നേരമാണ് മോദി സംസാരിച്ചത്.
ആർ എസ് എസ് പോലെ പവിത്രമായ സംഘടന ലോകത്തില്ലെന്നാണ് മോദി അവകാശപ്പെട്ടത്. ആർ എസ് എസാണ് തനിക്ക് ജീവിത ലക്ഷ്യം കാട്ടിതന്നതെന്നും, ഇതുപോലൊരു സംഘടന ലോകത്ത് വേറെയുണ്ടാകില്ലെന്നും പറഞ്ഞ മോദി, സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചും പോഷക സംഘടനകളെ കുറിച്ചും വാചാലനായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർ എസ് എസിന്റെ നിസഹകരണം ബിജെപിക്ക് വലിയ തിരിച്ചടിയായെന്ന വിലയിരുത്തലുകൾക്കിടെയാണ് ഈ പുകഴ്ത്തൽ എന്നതും ശ്രദ്ധേയമായി.
പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം നടത്തിയ മോദി ചൈനക്കെതിരെ മൃദുസമീപനമാണ് നടത്തിയത്. ലോകത്തെവിടെയും ഭീകരാക്രമണമുണ്ടായാൽ അതിന്റെ വേര് പാക്കിസ്ഥാനിലേക്ക് നീളുകയാണെന്ന് സെപ്റ്റംബർ 11 ഭീകരാക്രമണമടക്കം ഓർമ്മിപ്പിച്ചാണ് മോദി വിമർശിച്ചത്. ഇന്ത്യയുമായി സഹകരിച്ചു പോകാൻ പാക്കിസ്ഥാൻ തയാറാകുന്നില്ലെന്നും, ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള ഭീകരവാദം അവസാനിപ്പിക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടെന്നും മോദി പറഞ്ഞു. തന്റെ സത്യപ്രതിജ്ഞയ്ക്ക് പാക്കിസ്ഥാന് പ്രധാനമന്ത്രിയെ ക്ഷണിച്ചത് സമാധാനത്തിനുള്ള ശക്തമായ ശ്രമമായിരുന്നുവെന്നും മോദി വിശദീകരിച്ചു. അതിർത്തിയിൽ ചൈനയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചുവരികയാണെന്നും, ഇന്ത്യ ചൈന ശക്തമായ ബന്ധം തുടരുമെന്നും മോദി പറഞ്ഞു. ഷീ ജിൻ പിംഗുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം അതിർത്തി ശാന്തമാവുകയാണെന്നും മോദി അവകാശപ്പെട്ടു. അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റം ഉണ്ടായിട്ടില്ലെന്ന് നേരത്തെ നിലപാടെടുത്ത മോദി സംഘര്‍ഷ സാഹചര്യം ഉണ്ടായിരുന്നുവെന്ന് സമ്മതിക്കുകയും ചെയ്തു.
റഷ്യ യുക്രൈൻ യുദ്ധത്തിൽ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും മോദി വിവരിച്ചു. രണ്ട് രാജ്യത്തിന്റെ നേതാക്കളുമായും തനിക്ക് നല്ല ബന്ധമുണ്ട്. യുദ്ധത്തിലൂടെ ഒരു പരിഹാരവുമുണ്ടാകില്ല. രണ്ട് രാജ്യങ്ങളും ചർച്ച ചെയ്താൽ മാത്രമേ പരിഹാരമുണ്ടാകൂ. നിലവിലെ സാഹചര്യം ചർച്ചയ്ക്ക് അനുകൂലമാണ്. തന്‍റെ നിലപാട് എന്നും സമാധാനത്തിനൊപ്പമാണെന്നും നിഷ്പക്ഷ നിലപാടല്ല, സമാധാനത്തിന്റെ നിലപാടാണ് തന്‍റേതെന്നും മോദി വിവരിച്ചു.