
വത്തിക്കാന്‍ : ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചിട്ടുണ്ടെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍. 88 വയസ്സുകാരനായ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ‘സങ്കീര്‍ണ്ണമായി’ തുടരുകയാണെന്നും വത്തിക്കാന്‍ പറയുന്നു.
ഒരു ആഴ്ചയിലേറെയായി ശ്വാസകോശ അണുബാധ ബാധിച്ച മാര്‍പാപ്പയെ വെള്ളിയാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സിടി സ്‌കാന്‍ നടത്തിയതോടെ ഇരു ശ്വാസ കോശങ്ങളിലും ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തുകയായിരുന്നുവെന്നും വത്തിക്കാന്‍ അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യുദയകാംക്ഷികള്‍ക്ക് നന്ദി പറയുകയും ‘അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍’ അവരോട് ആവശ്യപ്പെടുകയും ചെയ്തു.
അടുത്ത ജനുവരി വരെ നീണ്ടുനില്‍ക്കുന്ന 2025 കത്തോലിക്കാ വിശുദ്ധ വര്‍ഷത്തിനായുള്ള നിരവധി പരിപാടികള്‍ക്ക് നേതൃത്വം നല്‍കേണ്ടതായിരുന്നു അദ്ദേഹം. ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടിയടക്കം മാര്‍പാപ്പയുടെ ഈയാഴ്ചത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. അല്‍പം സങ്കീര്‍ണമായ അണുബാധയാണുള്ളതെന്നും കൂടുതല്‍ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഞായറാഴ്ച കുര്‍ബാനയ്ക്കു മാര്‍പാപ്പയ്ക്കു പകരം മുതിര്‍ന്ന കര്‍ദിനാള്‍ കാര്‍മികനാകും.
മാര്‍പാപ്പയെ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയതോടെ പരിപാടികളില്‍ തയ്യാറാക്കിയ പ്രസംഗങ്ങള്‍ വായിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. 21 വയസ്സുള്ളപ്പോള്‍ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തതിനാല്‍ മാര്‍പാപ്പയ്ക്ക്് ശ്വാസകോശ അണുബാധയ്ക്ക് പ്രത്യേകിച്ച് സാധ്യതയുണ്ട്. 12 വര്‍ഷത്തിനിടയില്‍, അദ്ദേഹത്തെ നിരവധി തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.