ചോറ്റാനിക്കര : ചോറ്റാനിക്കരയിലെ വീടിനുള്ളില്‍ മുറിവേറ്റ് അവശനിലയില്‍ കണ്ടെത്തിയ പോക്‌സോ അതിജീവിതയുടെ നില അതീവ ഗുരുതരാവസ്ഥയില്‍. കഴുത്തില്‍ കയര്‍ മുറുകിയ നിലയിലും ശരീരമസകലം ചതവേറ്റ നിലയിലും ഞായറാഴ്ചയാണ് യുവതിയെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. അര്‍ധനഗ്‌നയായ നിലയിലായിരുന്നു യുവതി. ബന്ധുവാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടതെന്ന് പൊലീസ് പറയുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ തുടരുകയാണ് യുവതി.
2021ലെ പോക്‌സോ കേസിലെ അതിജീവിതയാണ് 19കാരി. കഴുത്തിലുള്ള മുറിവ് ഗുരുതരമാണ്. ദേഹമാസകലം ചതവുമുണ്ട്. കയ്യിലെ മുറിവില്‍ ഉരുമ്പരിച്ച നിലയിലായിരുന്നു.പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതാണെന്ന് പൊലീസ് ഉറപ്പിക്കുന്നു. തലയോലപ്പറമ്പ് സ്വദേശിയായ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളാണോ കുട്ടിയെ ആക്രമിച്ചതെന്ന സംശയവും ഉയരുന്നുണ്ട്. പെണ്‍കുട്ടി ഇപ്പോഴും അബോധാവസ്ഥയിലായതിനാല്‍ പൊലീസിന് മൊഴിയെടുക്കാനായിട്ടില്ല.
ദത്തുപുത്രിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടാവാറില്ലെന്നും മിക്ക ദിവസങ്ങളിലും വീട്ടില്‍ യുവതി ഒറ്റയ്ക്കായിരിക്കുമെന്നും വിവരമുണ്ട്.