
കൊച്ചി: രാഷ്ട്രീയക്കാരുടെയും പൊലീസുകാരുടെയുംഅടക്കം ഫോണ്‍ ചോര്‍ത്തിയെന്ന് മുന്‍ നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ വെളിപ്പെടുത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് പൊലീസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കേസടുക്കാവുന്ന ഒന്നും കണ്ടെത്താത്തതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
താന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയുമടക്കം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്നുമായിരുന്നു അന്‍വറിന്റെ വെളിപ്പെടുത്തല്‍. നിയമവിരുദ്ധമായി താന്‍ ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും ഇക്കാര്യത്തില്‍ നിക്ഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു.
അതേസമയം, അന്‍വറിന്റെ വാദം വിവാദമായതോടെ, സ്വര്‍ണക്കടത്ത്, കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് ഫോണ്‍ ചോര്‍ത്തിയതെന്ന വിശദീകരണവുമായി അന്‍വര്‍ എത്തിയിരുന്നു.