
മുംബൈ: പുണെ ബലാത്സംഗ കേസില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. ദത്ത്രേയ റാംദാസ് ഗഡേ (37) എന്ന പ്രതിക്കായാണ് പുണെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനു 100 മീറ്റര്‍ അകലെ 26കാരിയെ ആളൊഴിഞ്ഞ ബസില്‍ കയറ്റി പീഡിപ്പിച്ച് ഇയാള്‍ മുങ്ങുകയായിരുന്നു.
ഒളിവില്‍ കഴിയുന്ന പ്രതിയുടെ ഫോട്ടോ പുറത്തുവിട്ട അന്വേഷണ സംഘം, ഇയാളെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. മാത്രമല്ല, പ്രതിയെക്കുറിച്ച് സൂചന ലഭിക്കുന്നവര്‍ 9881670659, 600444569 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു. 13 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.
ചൊവ്വാഴ്ചയായിരുന്നു യുവതിക്കെതിരെ അതിക്രമം നടന്നത്. പുലര്‍ച്ചെ അഞ്ചരയോടെ നാട്ടിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് കണ്ടക്ടറെന്ന വ്യാജേനയാണ് പ്രതിയെത്തിയത്. സത്രയിലേക്കുള്ള ബസ് വരുന്നത് ഇവിടെയല്ലെന്നും താന്‍ അവിടെയെത്തിക്കാമെന്നും ഇയാള്‍ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നാലെ പുണെയിലെ സ്വര്‍ഗതേ ഡിപ്പോയിലെ വിജനമായ ഭാഗത്ത് കിടന്നിരുന്ന ആളൊഴിഞ്ഞ സര്‍ക്കാര്‍ ബസില്‍ കയറ്റി പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 64 (ബലാത്സംഗം), 351 (2) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് സ്റ്റേഷനു സമീപം നടന്ന സംഭവം രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും വഴിവച്ചു.