
കൊച്ചി : ലഹരിക്കേസില്‍ പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയെ ലഹരിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിക്കാന്‍ പൊലീസ് നീക്കം. ഇതിനായി നടന്റെ സമ്മതം പൊലീസ് തേടിയെന്ന് വിവരം. കുടുംബത്തോടു കൂടി ആലോചിച്ചു തീരുമാനം അറിയിക്കാമെന്നാണ് ഷൈന്‍ പ്രതികരിച്ചത്. ലഹരി ഉപയോഗം ഷൈന്‍ ടോം ചാക്കോ തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. എന്നാല്‍, ഷൈനിന്റെ സമ്മതമുണ്ടെങ്കില്‍ മാത്രമേ ലഹരിവിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കൂ.
ലഹരിക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന്‍ ഷൈന്‍ ടോം ചാക്കോ താന്‍ ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് പൊലീസിനോട് സമ്മതിച്ചത്. കഴിഞ്ഞവര്‍ഷം കൂത്താട്ടുകുളത്തുള്ള ലഹരിവിമുക്ത കേന്ദ്രത്തില്‍ ഷൈനിനെ പിതാവ് പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ 12 ദിവസം കഴിഞ്ഞപ്പോള്‍ ഷൈന്‍ അവിടെനിന്ന് ചികിത്സ മതിയാക്കി ഇറങ്ങിപോരുകയായിരുന്നു.
അതേസമയം, നാളെ വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പൊലീസ് ഷൈന്‍ ടോം ചാക്കോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ മേഖലയിലേക്ക് അന്വേഷണം വ്യാപിക്കാന്‍ സാധ്യതയുണ്ട്. ലഹരി ഇടപാടുമായി ഷൈന്‍ ബന്ധപ്പെട്ടിട്ടുള്ള ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും പൊലീസ് നീക്കം നടത്തുന്നുണ്ട്.