ഡൽഹി: പാർട്ടി വിടാൻ ആം ആദ്മി പാർട്ടി സ്ഥാനാർഥികൾക്ക് 15 കോടി രൂപ വീതം ബിജെപി നേതാക്കൾ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലിൽ അരവിന്ദ് കെജ്രിവാളിന്‍റെ മൊഴിയെടുക്കാൻ വസതിയിലെത്തിയ ഡൽഹി പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗത്തെ തടഞ്ഞു. കെജ്രിവാളിന്‍റെ പത്തംഗ അഭിഭാഷക സംഘമാണ് സംഘത്തെ ഗേറ്റിൽ വെച്ച് തടഞ്ഞത്. മൊഴി രേഖപ്പെടുത്താൻ ഒരുക്കമല്ലെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്‍റെ നിലപാടും. ആദ്യം പരാതി വാങ്ങാൻ എത്തിയതെന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം.
എന്നാല്‍, പിന്നീട് മൊഴിയെടുക്കാൻ എന്ന് മാറ്റി. പൊലീസിന്‍റെ കൈവശം നോട്ടീസ് ഉണ്ടായിരുന്നില്ലെന്നും അതിനാൽ കടത്തി വിടില്ലെന്നുമാണ് അഭിഭാഷകര്‍ പറഞ്ഞത്. ഇതോടെ പൊലീസുകാർ നോട്ടീസുമായി അകത്തേക്ക് വരാമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, ആരോപണം സംബന്ധിച്ച പരാതി പൊലീസിന് മെയിലിൽ അയച്ചിട്ടുണ്ടെന്നും അഭിഭാഷകൻ അറിയിച്ചു. ഇതുപോലും അറിയാതെയാണ് പൊലീസ് സംഘം വീട്ടുപടിക്കൽ എത്തിയതെന്നും അഭിഭാഷകൻ പൊലീസിനെ വിമർശിച്ചു.
16 ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ കൂറുമാറ്റാനായി ബിജെപി സമീപിച്ചെന്നും 15 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്നുമാണ് കെജ്‌രിവാൾ ആരോപണം ഉന്നയിച്ചത്. ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്ങും ഈ ആരോപണങ്ങൾ ആവർത്തിച്ചിരുന്നു. നാളെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരാനിരിക്കെ കടുത്ത ജാഗ്രതയിലാണ് രാജ്യ തലസ്ഥാനം.