
കൊച്ചി : കേരളത്തെ ഞെട്ടിച്ച് താനൂരില്‍ നിന്നും നാടുവിട്ട പെണ്‍കുട്ടികളുടെ ഫോട്ടോയും വിഡിയോയും നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് പൊലീസ്. കുട്ടികളെ കണ്ടെത്തുകയെന്ന ഉദ്ദേശ്യത്തോടെ സമൂഹമാധ്യമങ്ങളിലടക്കം പങ്കുവെച്ച ഫോട്ടോയും വിഡിയോയും അടക്കമുള്ള വിവരങ്ങള്‍ നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
പെണ്‍കുട്ടികളെ കാണാതായതുമുതല്‍ അവരെ കണ്ടെത്താന്‍ ഫോട്ടോയും വിഡിയോയുമടക്കം സമൂഹമാധ്യമത്തില്‍ നിരവധിപേര്‍ പങ്കുവെച്ചിരുന്നു. കുട്ടികളുടെ ഐഡന്റിറ്റി വെളിവാകുന്ന വിധത്തിലുള്ള മറ്റു വിവരങ്ങളും അവര്‍ക്ക് മാനസിക പ്രയാസമുണ്ടാക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങളും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിപ്പിച്ചിരുന്നു. ഇത് നീക്കം ചെയ്യണമെന്നും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുറ്റകരമാണെന്നും താനൂര്‍ ഡിവൈ.എസ്.പി പി. പ്രമോദ് അറിയിച്ചു.
പെണ്‍കുട്ടികളെ തിരൂര്‍ പൊലീസ് സ്റ്റേഷനിലെ ശിശുസൗഹൃദ കേന്ദ്രത്തിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. സ്വന്തം ആഗ്രഹപ്രകാരം നടത്തിയ വിനോദയാത്രയെന്നാണ് കുട്ടികളുടെ മൊഴി. മൊഴിയെടുക്കുന്ന ഘട്ടത്തിലൊന്നും ഭാവമാറ്റമോ പരിഭ്രാന്തിയോ പ്രകടിപ്പിക്കാതിരുന്ന കുട്ടികള്‍ മുടി മുറിച്ചതടക്കമുള്ള കാര്യങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെന്നാണ് പറഞ്ഞത്. ഇവരെ സി.ഡബ്ല്യു.സി കെയര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ തിരൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എടവണ്ണ ആലുങ്ങല്‍ വീട്ടില്‍ അക്ബര്‍ റഹീമിനെയാണ് (26) താനൂര്‍ എസ്.എച്ച്.ഒ ടോണി ജെ. മറ്റത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുമായി നാലു മാസം മുമ്പാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചത്.