
വാഴ്‌സ: യുക്രൈൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ വൈറ്റ് ഹൗസിൽ വെച്ചുണ്ടായ തർക്കം ഭയം ഉണ്ടാക്കുന്നുവെന്ന് മുൻ പോളിഷ് പ്രസിഡന്‍റും സമാധാന നോബൽ സമ്മാന ജേതാവുമായ ലെക് വാൽസ. ഇരുവരും തമ്മിലുള്ള തർക്കം ‘ ഭയാനകവും അരോചകവുമായിരുന്നുവെന്ന്’ വ്യക്തമാക്കി അദ്ദേഹം ട്രംപിന് കത്തയച്ചിട്ടുണ്ട്. വെൽസക്ക് പുറമെ കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിൽ തടവിലാക്കപ്പെട്ട 39 മുൻ പോളിഷ് രാഷ്ട്രീയ തടവുകാരും ഒപ്പിട്ടിട്ട കത്താണ് ട്രംപിന് അയച്ചിട്ടുള്ളത്.
റഷ്യക്കെതിരായ പോരാട്ടത്തിൽ ലഭിച്ച അമേരിക്കൻ സഹായങ്ങൾക്ക് വോളോഡിമർ സെലെൻസ്‌കി നന്ദി കാണിക്കണമെന്ന ആവശ്യം യുക്രൈൻ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ അപമാനിക്കുന്നതാണ് എന്നാണ് കത്തിൽ പറയുന്നത്. സ്വതന്ത്ര ലോകത്തിൻ്റെ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി രക്തം ചിന്തുന്ന വീരരായ യുക്രൈനിയൻ സൈനികർക്കാണ് നന്ദി പറയേണ്ടത്. അവരാണ് യുദ്ധമുഖത്ത് മരിച്ച് വീഴുന്നതെന്നുള്ള കാര്യം മറക്കരുതെന്നും കത്തിൽ പറയുന്നു.