
കൊച്ചി : കളമശേരി ഗവ. പോളിടെക്‌നിക് ഹോസ്റ്റലില്‍നിന്നു കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് പരസ്പരം പഴിചാരി എസ്എഫ്‌ഐയും കെഎസ്‌യുവും. ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നാര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ്, തൃക്കാക്കരയിലെയും കളമശേരിയിലെയും പൊലീസ് തുടങ്ങിയവര്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയത്. പൊലീസ് അറസ്റ്റ് ചെയ്ത 3 പേരില്‍ എസ്എഫ്‌ഐ നേതാവും ക്യാംപസ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ ആര്‍.അഭിരാജുമുണ്ട്. എന്നാല്‍ തന്നെ കുടുക്കിയതാണെന്ന് അഭിരാജ് പറയുന്നു. പൊലീസ് എത്തിയ സമയത്ത് താന്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്നും ഈ വിദ്യാര്‍ത്ഥി പറഞ്ഞു.
ഇന്ന് എസ്എഫ്‌ഐ യൂണിറ്റ് സമ്മേളനം നടക്കുന്നതിനാല്‍ അതിന്റെ അലങ്കാര പരിപാടികളുമായി ബന്ധപ്പെട്ട് ക്യാംപസില്‍ ഉണ്ടായിരുന്ന താന്‍ റെയ്ഡ് നടക്കുന്നത് അറിഞ്ഞാണ് ഹോസ്റ്റലില്‍ എത്തിയത് എന്ന് അഭിരാജ് പറയുന്നു.
അതേസമയം, കെഎസ്‌യു നേതാവിന്റെ മുറിയില്‍ നിന്നാണ് കഞ്ചാവ് പിടിച്ചതെന്നും പൊലീസിനെക്കണ്ട് ഭയന്ന് ഓടിപ്പോയ 2 പേര്‍ കെഎസ്‌യു നേതാക്കളാണെന്നും എസ്എഫ്‌ഐ ആരോപിച്ചു. എന്നാല്‍ ഈ അവകാശവാദം കെഎസ്‌യു പാടേ തള്ളി. തങ്ങള്‍ ഒളിവില്‍ പോയിട്ടില്ലെന്ന് എസ്എഫ്‌ഐ ആരോപണം ഉന്നയിച്ച ആദിലും ആനന്തുവും മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയതാണെന്നാണ് ആദില്‍ പറയുന്നത്. ഹോസ്റ്റലില്‍ അല്ല താമസിക്കുന്നതെന്നും കഞ്ചാവ് പിടികൂടുന്ന സമയത്ത് പാര്‍ട്ട് ടൈം ജോലിയായ പോട്ടര്‍ ഓണ്‍ലൈന്‍ സാധന വിതരണത്തിന് പോയിരിക്കുകയായിരുന്നു എന്നാണ് അനന്തു പറയുന്നത്.
ഇന്നലെ രാത്രി പോളിടെക്‌നിക്കിന്റെ പെരിയാര്‍ ഹോസ്റ്റലില്‍ നടത്തിയ റെയ്ഡില്‍ 3 പേര്‍ അറസ്റ്റിലാവുകയും 2 കിലോഗ്രാം കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തിരുന്നു. ഹോസ്റ്റലിലെ ഒന്നാം നിലയിലുള്ള ജി11 മുറിയില്‍ നിന്ന് 1.909 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശി എം.ആകാശിനെ (21) ഈ കേസില്‍ അറസ്റ്റ് ചെയ്തു. ഈ കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കി വില്‍പനയ്ക്ക് തയാറാക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്. ആകാശിന്റെ മുറിയില്‍നിന്ന് കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തിരുന്നു. കളമശേരി പോളിടെക്‌നിക് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്‍പനയും നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.