മലയാളി കർദിനാൾ കൂവക്കാടിന് പുതിയ നിയോഗം നൽകി മാർപാപ്പ, മതാന്തര സംഭാഷണ ഡിക്കസ്റ്ററിയിൽ പ്രീഫെക്ടായി നിയമനം

വത്തിക്കാൻ: മലയാളി വൈദികനായ കർദിനാൾ കൂവക്കാടിന് ഫ്രാൻസിസ് മാർപാപ്പ പുതിയ നിയോഗം നൽകി. മതാന്തര സംഭാഷണ ഡിക്കസ്റ്ററിയിൽ പ്രീഫെക്ടായാണ് നിയമനം നൽകിയിരിക്കുന്നത്. വിവിധ മതങ്ങൾ തമ്മിലുള്ള സംവാദത്തിനുള്ള സംഘത്തിന്‍റെ തലവൻ എന്ന് സാരം. നവംബറിൽ അന്തരിച്ച കർദിനാൾ അയൂസോയ്ക്ക് പകരമായാണ് നിയമനം. ക്രിസ്ത്യാനികൾ ന്യൂനപക്ഷം ആയ രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങൾ വിജയകരമായി ക്രമീകരിച്ചതാണ് കൂവക്കാടിന്‍റെ നിയമനത്തിൽ നിർണായകമായത്.

വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്ന വത്തിക്കാനിലെ മതാന്തര സംഭാഷണ ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി കർദ്ദിനാൾ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് മാർപാപ്പാ നിയമിച്ചെന്നാണ് വത്തിക്കാനിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നത്. മാർപാപ്പായുടെ വിദേശ യാത്രയുടെ ചുമതലകൾ അദ്ദേഹം തുടർന്നും നിർവ്വഹിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

2024 ഒക്ടോബർ 6 നാണ് സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോൺസി‌ഞ്ഞോർ ജോർജ് കൂവക്കാടിനെ കർദിനാളായി ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. ഡിസംബർ 8 നായിരുന്നു സ്ഥാനാരോഹണം. ചങ്ങനാശേരി മാമ്മൂട് ലൂർദ് മാതാ പളളി ഇടവകാംഗമാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്. കർദിനാൾ ജോർ‍ജ് ആലഞ്ചേരിക്കും കർദിനാൾ ബസേലിയോസ് ക്ലീമിസിനും പിന്നാലെയാണ് കത്തോലിക്കാ സഭയുടെ ഉന്നത പദവിയിലേക്ക് കൂവക്കാടും എത്തിയത്. ഇന്ത്യൻ സഭാചരിത്രത്തിലാദ്യമായിട്ടായിരുന്നു വൈദികരിൽ നിന്നും ഒരാളെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്.

More Stories from this section

family-dental
witywide