
വത്തിക്കാൻ സിറ്റി: വിശ്വാസികൾ ഉയിർപ്പ് തിരുനാൾ ആഘോഷിക്കവെ ഈസ്റ്റർ സന്ദേശവുമായി വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ വീണ്ടുമെത്തി. ഗാസയില്‍ ഉടൻ തന്നെ വെടിനിര്‍ത്തൽ പ്രഖ്യാപിക്കണമെന്നാണ് ഈസ്റ്റർ സന്ദേശത്തിൽ മാർപാപ്പ ആഹ്വാനം ചെയ്തത്. അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിച്ചതിന് ശേഷം ഇതാദ്യമായാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ ബാല്‍ക്കണിയില്‍ നിന്ന് മാർപാപ്പ വിശ്വാസികൾക്കായി സന്ദേശം പങ്കുവെച്ചത്.
ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട ഫ്രാൻസിസ് മാർപാപ്പ, പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പമാണ് തന്റെ മനസെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ഈസ്റ്റർ സന്ദേശത്തിൽ ആവശ്യപ്പെട്ടു. ശ്വാസകോശ അണുബാധക്കുള്ള ചികിത്സക്ക് ശേഷം വിശ്രമത്തിൽ കഴിയുന്ന മാർപാപ്പ അൽപനേരമാണ് സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ബാൽകണിയിൽ വിശ്വാസികൾക്ക് ദർശനം നൽകിയത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ആയിരങ്ങൾക്ക് നേരെ കൈവീശി ഈസ്റ്റർ ആശംസകൾ നേർന്നു.
ശ്വാസകോശ അണുബാധയെത്തുടർന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 38 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം മാർച്ച് 23 നാണ് മാർപാപ്പ തിരിച്ചെത്തിയത്. ആശുപത്രി വാസത്തിനുശേഷം ഫ്രാൻസിസ് പാപ്പ പൂർണമായി ചുമതലകൾ ഏറ്റെടുത്തിട്ടില്ല. പെസഹ വ്യാഴാഴ്ച മാർപാപ്പ റോമിലെ റെജീന കെയ്‌ലി ജയിൽ സന്ദർശിച്ചിരുന്നു.