
കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ നാളെ വത്തിക്കാൻ സമയം 10 മണിക്ക് ( ഇന്ത്യയിൽ ഉച്ചക്ക് 1.30 ന് ആരംഭിക്കും) . സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി ഇന്ന് വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില പൊതു ദർശനം അവസാനിപ്പിക്കും. തുടർന്ന് ഫ്രാൻസിസ് മാർപാപ്പയുടെ ഭൌതിക ദേഹം അടങ്ങിയ പേടകം മുദ്രവയ്ക്കുന്ന ചടങ്ങ് നടക്കും. വത്തിക്കാൻ ചേംബർലെയ്ൻ കർദ്ദിനാൾ കെവിൻ ഫാരെൽ ഈ ചടങ്ങുകൾക്ക് നേതൃത്വം നൽകും. നിരവധി കർദ്ദിനാൾമാരും പരിശുദ്ധ സിംഹാസന ഉദ്യോഗസ്ഥരും ഇതിൽ പങ്കെടുക്കും. ഇസ്റ്റർ ദിനത്തിൻ്റെ പിറ്റേന്ന് തിങ്കളാഴ്ച – ഈസ്റ്റർ മൺഡേ ദിനത്തിലാണ് പാപ്പ ഇഹ ലോക ജീവിതം അവസാനിപ്പിച്ചത്. അദ്ദേഹത്തിന്റെ പാർപ്പിടത്തോട് ചേർന്നുള്ള സാന്ത മാർത്ത ചാപ്പലിൽ ആയിരുന്നു ആദ്യം പാപ്പയുടെ ഭൌതിക ദേഹം കിടത്തിയിരുന്നത്. പിന്നീട് ബുധനാഴ്ചയാണ് പൊതു ദർശനത്തിനായി സെൻ്റ് പീറ്റേഴ്സ് ബസലിക്കയിലേക്ക് ആചാര പ്രകാരം എത്തിച്ചത്. മൂന്നു ദിവസം പൊതു ദർശനമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി വിശ്വാസികൾ ആ വലിയ ഇടയനെ അവസാനമായി കാണാൻ എത്തി.
പതിനായിരക്കണക്കിന് ആളുകൾ അന്തരിച്ച മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഇപ്പോഴും എത്തുന്നുണ്ട്. സെന്റ് പീറ്റേഴ്‌സ് ബസിലിക്ക വെള്ളിയാഴ്ച പുലർച്ചെ 5:30 വരെ തുറന്നിരുന്നു, ഒന്നര മണിക്കൂർ അടച്ചിട്ട് രാവിലെ 7:00 മണിക്ക് വീണ്ടും തുറന്നു. നാളെ രാവിലെ 10 മണിക്ക് സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്നിലുള്ള ചത്വരത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
Pope Francis’ coffin to be sealed in rite