ഫ്രാൻസിസ് പാപ്പയ്ക്ക് പരിശുദ്ധ അമ്മയുടെ അരികെ അന്ത്യവിശ്രമം, സാന്ത മാർത്ത ചാപ്പൽ മുതൽ സെൻ്റ് മേരി മേജർ ബസലിക്ക വരെ നീളുന്ന അന്ത്യയാത്ര

ചുവന്ന വിരിയിട്ട പേടകത്തിൽ ഉറങ്ങിക്കിടക്കുകയാണ് ഫ്രാൻസിസ് പാപ്പ. ചരിത്രത്തിലെ ഏറ്റവും കരുണാമയനായ പാപ്പ. പ്രാർഥനക്കായി പിതാവിൻ്റെ പക്കലേക്ക് ഉയർന്നിരുന്ന ഇരുകരങ്ങളും നെഞ്ചിനുതാഴെ വിശ്രമിക്കുന്നു. വിരലുകൾക്കിടയിൽ, ജപമാല. അന്ത്യനിദ്രപോലും ലളിതം. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ഏറ്റവും ലളിതമായ ഒരു കബറടക്ക ശുശ്രൂഷയ്ക്ക് ഒരുങ്ങുകയാണ് ലോകം. പരിശുദ്ധ അമ്മയുടെ അരികിൽ അന്ത്യ വിശ്രമം കൊള്ളാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത് . വത്തിക്കാൻ സിറ്റിക്ക് പുറത്ത് റോമിലുള്ള സെന്റ് മേരി മേജർ ബസിലിക്കയിൽ. അക്കാര്യം അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു.

മരണപത്രത്തിൽ മാർപാപ്പ കുറിച്ചതുപോലെ, ഉയർന്നപീഠത്തിനു പകരം വെറും ഒരടി ഉയരമുള്ളൊരു കൊച്ചുപീഠത്തിലാണ് അദ്ദേഹത്തെ കിടത്തിയിരിക്കുന്നത്.

സാധാരണ പാപ്പമാരെ അടക്കാറുള്ള സൈപ്രസ്, പുളി, ഓക്ക് മരങ്ങൾകൊണ്ടുള്ള 3 അറകളുള്ള പെട്ടിക്കു പകരം ഒറ്റമരത്തിന്റെ പലകയിൽ നിർമിച്ച പേടകം. അത്ര ലളിതമായിരക്കണം തൻ്റെ മടക്കയാത്രയെന്നും അദ്ദേഹം മനസ്സിൽ ഉറപ്പിച്ചിരുന്നു.

12 വർഷം താമസിച്ച സാന്താ മാർത്ത വസതിയിലെ ചാപ്പലിൽ ആയിരുന്നു ഫ്രാൻസിസ് മാർപാപ്പ തൻ്റെ അന്ത്യയാത്ര തുടങ്ങിയത്. പിന്നീട് ബുധനാഴ്ച പൊതു ദർശനത്തിനായി സെൻ്റ് പീറ്റേഴ്സ് ബസലിക്കയിൽ എത്തിച്ചു.

നാളെ റോമിലെ എസ്ക്വിലിൻ കുന്നിൽമുകളിലുള്ള സെന്റ് മേരി മേജർ ബസിലിക്കയിലാണ് പാപ്പ അന്ത്യവിശ്രമത്തിലേക്ക് പ്രവേശിക്കുന്നത്. പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും സ്നേഹവുമാണ് ആ ബസലിക്ക തിരഞ്ഞെടുക്കാൻ കാരണം.. മാർപാപ്പമാരെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അടക്കംചെയ്യുന്ന പതിവിനു വിപരീതമായി സെന്റ് മേരി മേജർ ബസിലിക്കയിൽ തന്നെ അടക്കം ചെയ്താൽ മതിയെന്നു നേരത്തേ പറഞ്ഞുവച്ചിരുന്നു ഫ്രാൻസിസ് മാർപാപ്പ.

വിദേശയാത്രകൾക്കു മുൻപും ശേഷവും ഫ്രാൻസിസ് മാർപാപ്പ ഓടിയെത്തിയിരുന്നത് മേരി മേജർ ബസിലിക്കയിലെ മാതാവിന്റെ അരികിലേക്കായിരുന്നു. അടുത്തിടെ അഞ്ചാഴ്ചത്തെ ആശുപത്രി വാസത്തിൽ മരണത്തെ മുഖാമുഖം കണ്ടശേഷം തിരികെയെത്തിയപ്പോഴും ഇവിടെയെത്തി, അമ്മയ്ക്കുമുന്നിൽ ഏറെ നേരം മൗനമായിരുന്നു. യാത്രകളിൽ കൈവിടാത്ത ശീലം അന്ത്യയാത്രയിലും. മടക്കം അമ്മയുടെ അരികിലേക്ക്. എന്നും ഇനി അമ്മക്ക് ഒപ്പം..

Pope Francis laid to rest next to the Holy Mother Mary at St Mary Major Basilica

More Stories from this section

family-dental
witywide