
റോം: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നാടുകടത്തൽ നീക്കത്തിൽ കടുത്ത ആശങ്കയും രൂക്ഷ വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ രംഗത്ത്. എല്ലാ മനുഷ്യരുടെയും തുല്യ അന്തസ്സിനെക്കുറിച്ചുള്ള സത്യം മാനിക്കാതെ ബലപ്രയോഗത്തിലൂടെ കെട്ടിപ്പടുത്തത് ദുരന്തത്തിൽ ആരംഭിക്കുകയും ദുരന്തത്തിൽ അവസാനിക്കുകയും ചെയ്യുമെന്ന് അമേരിക്കയിലെ ബിഷപ്പുമാർക്ക് അയച്ച കത്തിൽ മാർപാപ്പ പറഞ്ഞു.
കൊടും പട്ടിണിയും അരക്ഷിതാവസ്ഥയും ചൂഷണവും പ്രകൃതി ദുരന്തവും കാരണം രക്ഷതേടി വന്നവരെ നാടുകടത്തുന്നത് നിരവധി പുരുഷന്മാരുടെയും സ്ത്രീകളുടെയും കുടുംബങ്ങളുടെയും അന്തസ്സിന് മുറിവേൽപിക്കും. അവരെ ദുർബലരും പ്രതിരോധിക്കാൻ കഴിയാത്തവരുമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.കൂട്ടത്തോടെ നാടുകടത്തൽ ആരംഭിച്ചതോടെ യു.എസിലുണ്ടായ പ്രതിസന്ധി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയ മാർപാപ്പ, കുടിയേറ്റക്കാരെ കുറ്റവാളികളായിക്കണ്ട് നാടുകടത്തുന്നതിനോട് മനസ്സാക്ഷിയുള്ളവർക്ക് യോജിക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു