
വത്തിക്കാന്‍ സിറ്റി : ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് റോമിലെ ജമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച വത്തിക്കാനിലേക്ക് മടങ്ങും. മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചു.
അതേസമയം, മാര്‍പാപ്പ ആരോഗ്യനില പൂര്‍ണമായി വീണ്ടെടുത്തിട്ടില്ലെന്നും രണ്ടു മാസം വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മാര്‍പാപ്പ ഞായറാഴ്ച ഉച്ചയ്ക്ക് ആശുപത്രി മുറിയിലെ ജനാലയില്‍ നിന്നു ജനങ്ങളെ അഭിവാദ്യം ചെയ്ത് ആശീര്‍വദിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വത്തിക്കാന്‍ അറിയിച്ചു. അഞ്ചാഴ്ചത്തെ ഇടവേളയ്ക്കുശേഷമാണ് മാര്‍പാപ്പ പൊതുദര്‍ശനം നല്‍കുക.
ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ആശുപത്രി ചാപ്പലില്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം കഴിഞ്ഞയാഴ്ച വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കാനാകുമെന്നും ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.