
വത്തിക്കാന്‍ സിറ്റി : വിടപറഞ്ഞ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശവസംസ്‌കാരം ശനിയാഴ്ച നടക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന്) നടക്കുമെന്നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ ശവസംസ്‌കാര ചടങ്ങില്‍ കോളേജ് ഓഫ് കാര്‍ഡിനല്‍സിന്റെ ഡീന്‍ കര്‍ദ്ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ റീ നേതൃത്വം വഹിക്കും. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പൊതുദര്‍ശനം നാളെ ആരംഭിക്കും. പിന്നീട് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി സാന്താ മരിയ മാഗിയോര്‍ ബസിലിക്കയിലേക്ക് കൊണ്ടുപോകും. ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ത്ഥനപ്രകാരം സംസ്‌കാരം മേരി മേജര്‍ ബസിലിക്കയിലെ പൗളിന്‍ ചാപ്പലിനും ഫോര്‍സ ചാപ്പലിനും നടുവിലായിട്ടായിരിക്കും നടത്തപ്പെടുക. മുന്‍ മാര്‍പാപ്പമാരില്‍ ഭൂരിപക്ഷവും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ്. ഇതില്‍ നിന്നും വ്യത്യസ്തമായാണ് ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹം.
അതേസമയം, ഫ്രാന്‍സിസ് പാപ്പായുടെ തുറന്ന ശവപ്പെട്ടിയുടെ ചിത്രങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. ഇന്നലെ രാത്രി വത്തിക്കാനിലെ കാസ സാന്താ മാര്‍ട്ടയിലെ ചാപ്പലില്‍ നടന്ന മരണ സാക്ഷ്യപ്പെടുത്തല്‍ ചടങ്ങിനിടെ പകര്‍ത്തിയ ആദ്യ ചിത്രങ്ങളാണ് വത്തിക്കാന്‍ പുറത്തുവിട്ടിരിക്കുന്നത്.