പൊതുദര്‍ശനം അവസാനിച്ചു, മൃതദേഹപേടകം അടച്ചു; നിത്യനിദ്രയുടെ അവസാന യാത്രയില്‍ മഹാ ഇടയന്‍, സാക്ഷിയാകാന്‍ ട്രംപ് അടക്കമുള്ള ലോകനേതാക്കള്‍

വത്തിക്കാന്‍ സിറ്റി : നികത്താനാവാത്ത വിടവ് സമ്മാനിച്ച് വിടപറഞ്ഞ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുദര്‍ശനം അവസാനിച്ചു. ഇന്നലെ രാത്രി എട്ടിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന പ്രാര്‍ഥനകള്‍ക്കിടെ കമര്‍ലെങ്കോ കര്‍ദിനാള്‍ കെവിന്‍ ഫാരെലന്‍ മൃതദേഹപേടകം അടച്ചു. ആചാരപ്രകാരം പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ടുമൂടി. ഫ്രാൻസിസ് പാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങൾ അടങ്ങിയ സഞ്ചിയും മാർപാപ്പയായിരിക്കെ ചെയ്ത പ്രവൃത്തികളുടെ ലഘുവിവരണവും പേടകത്തിനുള്ളിൽ വച്ചു.

സംസ്‌കാരം ഇന്ന് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് നടക്കുക. ഇന്നു ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും. കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ജൊവാന്നി ബാത്തിസ്ത റെ മുഖ്യകാര്‍മികത്വം വഹിക്കും. സംസ്‌കാരശുശ്രൂഷകള്‍ക്കുശേഷം ഭൗതികദേഹം വിലാപയാത്രയായി റോമിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ വലിയ പള്ളിയിലേക്ക് കൊണ്ടുപോകും.

വിലാപയാത്ര കടന്നു പോകുന്ന വഴി
റികണ്‍സിലിയേഷന്‍ റോഡ്, വിക്ടര്‍ ഇമ്മാനുവല്‍ പാലം, വിക്ടര്‍ ഇമ്മാനുവല്‍ കോഴ്‌സ്, വെനീസ് ചത്വരം, റോമന്‍ ഫോറം, കൊളോസിയം, ലാബിക്കാന റോഡ്, മെരുളാന റോഡ് വഴിയാണ് വിലാപയാത്ര കടന്നുപോവുക.

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്ന ലോക നേതാക്കള്‍ ഇവര്‍

കബറടക്കം ലളിതവും സ്വകാര്യവുമായ ചടങ്ങായിരിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. അമ്പതോളം പേര്‍ മാത്രമേ സംസ്‌കാരകര്‍മത്തില്‍ സംബന്ധിക്കുകയുള്ളൂ.

ഇന്ത്യ: പ്രസിഡന്റ് ദ്രൗപതി മുര്‍മു
ഫിലിപ്പീന്‍സ്: പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസും പ്രഥമ വനിത ലിസ മാര്‍ക്കോസും
അര്‍ജന്റീന: പ്രസിഡന്റ് ജാവിയര്‍ മിലേ
ബ്രസീല്‍: പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയും പ്രഥമ വനിത ജാന്‍ജയും

ഹോണ്ടുറാസ്: പ്രസിഡന്റ് സിയോമാര കാസ്‌ട്രോ
യുണൈറ്റഡ് സ്റ്റേറ്റ്‌സ്: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും

ഇസ്രായേല്‍: യാറോണ്‍ സൈഡ്മാന്‍, വിശുദ്ധ സിംഹാസനത്തിലെ സ്ഥാനപതി
കേപ് വെര്‍ഡെ: പ്രസിഡന്റ് ജോസ് മരിയ നെവ്‌സ്
സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്: പ്രസിഡന്റ് ഫൗസ്റ്റിന്‍-ആര്‍ചേഞ്ച് ടൗഡേര
യുഎന്‍ സെക്രട്ടറി ജനറല്‍: അന്റോണിയോ ഗുട്ടെറസ്

ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, യൂറോപ്യന്‍ യൂണിയന്‍, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, അയര്‍ലന്‍ഡ്, കൊസോവോ, ലാത്വിയ, ലിത്വാനിയ, മോള്‍ഡോവ, മൊണാക്കോ, നെതര്‍ലാന്‍ഡ്‌സ്, നോര്‍ത്ത് മാസിഡോണിയ, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, റഷ്യ, സ്ലൊവാക്യ, സ്ലൊവേനിയ, സ്‌പെയിന്‍, സ്വീഡന്‍, ഉക്രെയ്ന്‍, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ – രാജകുടുംബാംഗങ്ങള്‍, പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.

More Stories from this section

family-dental
witywide