ഒട്ടാവ: ചൈനയ്ക്കും അയൽരാജ്യങ്ങളായ കാനഡയ്ക്കും മെക്സിക്കോയ്ക്കും ഇറക്കുമതിത്തീരുവ ചുമത്താനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുമ്പോൾ നടപടികൾ കടുപ്പിച്ച് കാനഡ. മദ്യഷോപ്പുകളിൽ അമേരിക്കൻ മദ്യമായ ബെക്കാർഡിയും ജാക്ക് ഡാനിയലും ജിമ്മും വേണ്ടെന്ന നിലപാടിലേക്ക് കാനഡ കടക്കുകയാണ് എന്നാണ് റിപ്പോർട്ട്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ സർക്കാർ നടത്തുന്ന മദ്യവിൽപ്പനശാലകളിൽ യുഎസ് നിർമ്മിത മദ്യ ബ്രാൻഡുകൾ നീക്കം ചെയ്യാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഞായറാഴ്ച ഉച്ചയോടെ, ജാക്ക് ഡാനിയൽസ് പോലുള്ള അമേരിക്കൻ ബ്രാൻഡുകൾ വാൻകൂവറിലെ മദ്യശാലകളുടെ സ്റ്റോർ ഷെൽഫുകളിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. കനേഡിയൻ നിർമിത മദ്യം വാങ്ങുക എന്ന് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ബോർഡുകളും ഇവിടെ പ്രത്യക്ഷപ്പെട്ടു. കാനഡയുടെ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആഹ്വാനം ചെയ്യുകയും ചെയ്തതോടെ കാര്യങ്ങൾ ഏതാണ്ട് വ്യക്തമായിരുന്നു.
കനേഡിയൻ ഊർജ ഉൽപന്നങ്ങൾക്ക് പ്രത്യേകമായി 10 ശതമാനം താരിഫ് സഹിതം മിക്ക കനേഡിയൻ ഇറക്കുമതികൾക്കും 25 ശതമാനം താരിഫ് ഏർപ്പെടുത്തിക്കൊണ്ട് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ശനിയാഴ്ച എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവച്ചതോടെ കാനഡയും അതിവേഗ നടപടികളിലേക്ക് കടന്നത്. ഞങ്ങൾ കാനഡക്ക് നൂറുകണക്കിന് ബില്യൺ ഡോളർ സബ്സിഡിയായി നൽകുന്നു. ഒരു കാരണവുമില്ലാതെയാണ് പണം നൽകുന്നത്. അവർക്ക് അതിന്റെ ആവശ്യമില്ല. സബ്‌സിഡി ഇല്ലാതെ, കാനഡക്ക് വേണമെങ്കിൽ 51-ാമത്തെ സംസ്ഥാനമായി മാറാം. വളരെ കുറഞ്ഞ നികുതിയും കാനഡയിലെ ജനങ്ങൾക്ക് വളരെ മെച്ചപ്പെട്ട സൈനിക സംരക്ഷണവും ലഭിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.