
ലണ്ടൻ: ടെസ്‌ല സിഇഒയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അടുത്ത കൂട്ടാളിയുമായ ഇലോൺ മസ്‌കിനെതിരെ ലണ്ടനിലുടനീളം പോസ്റ്ററുകൾ. മസ്കിനെ വിമര്‍ശിച്ചും പരിഹസിച്ചുമാണ് പോസ്റ്ററുകൾ വന്നിട്ടുള്ളത്.
മസ്‌കിന്‍റെ തീവ്രവലതുപക്ഷ നിലപാടുകളും ട്രംപിന്റെ സത്യപ്രതിജ്ഞാ ആഘോഷത്തിനിടെ നടന്ന നാസി സല്യൂട്ടുമൊക്കെയാണ് പോസ്റ്ററിലുള്ളത്.
മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളായ ടെസ്‌ല, എക്സ് എന്നിവയെയും ലക്ഷ്യമിട്ടുള്ളതാണ് പോസ്റ്ററുകൾ. നിങ്ങളുടെ എക്‌സ് അക്കൗണ്ട് അടച്ചുപൂട്ടു എന്നൊക്കെ പോസ്റ്ററുകളിൽ പറയുന്നുണ്ട്. ടെസ്‌ലയുടെ ഓഹരികളിലുണ്ടായ ഇടിവും പോസ്റ്ററുകളില്‍ പരിഹസിക്കപ്പെടുന്നു.’വിദ്വേഷം വില്‍ക്കപ്പെടില്ല, ടെസ്‌ലയോട് ചോദിക്കൂ’, എന്നാണ് ഒരു പരിഹാസം. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രത്തെ ഓര്‍മിപ്പിച്ചും മസ്‌കിനെ പരിഹസിക്കുന്നുണ്ട്. ഫാസ്റ്റ് ആന്‍ഡ് ‘ഫുറര്‍’ (ജർമൻ ഭാഷയിൽ തലവന്‍ എന്നർഥം) എന്നാണ് ഒരു പോസ്റ്ററിലെ വാക്കുകള്‍. ഹിറ്റ്ലറെ അനുയായികൾ അഭിസംബോധന ചെയ്തിരുന്നത് ഫുറർ എന്നായിരുന്നു.