ഭക്തി സാന്ദ്രമായി തലസ്ഥാനം, ആറ്റുകാൽ പൊങ്കാലക്കൊരുങ്ങി ഭക്തർ, പൊങ്കാല നാളെ; എല്ലാം സജ്ജമെന്ന് മുഖ്യമന്ത്രി

ആറ്റുകാൽ പൊങ്കാലയ്ക്ക് പൂർണ്ണ സജ്ജമായിതലസ്ഥാനം. ഭക്ത ലക്ഷങ്ങൾ നാളെ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കും. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങളുടെ തുടക്കം. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം. സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്. ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ആറ്റുകാൽ പൊങ്കാല അതിഗംഭീരമായി സംഘടിപ്പിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. ആറ്റുകാൽ പൊങ്കാലയ്ക്ക് ക്രമീകരണങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ജില്ലാ ഭരണസംവിധാനം സമഗ്ര സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശുചിത്വവും ക്രമസമാധാനവും നിലനിർത്തണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

പിണറായിയുടെ കുറിപ്പ്

ആറ്റുകാൽ പൊങ്കാല നടക്കുന്ന മാർച്ച് 13ന് തലസ്ഥാന നഗരിയിലേക്കെത്തുന്ന വിശ്വാസികൾക്ക് തടസ്സങ്ങളില്ലാതെ പൊങ്കാലയിടാൻ സമഗ്രമായ സംവിധാനങ്ങളാണ് ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. പൊങ്കാല ദിനത്തിൽ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാനായി ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത ക്രമീകരണങ്ങൾ ഏവരും പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മാലിന്യപ്രശ്‍നങ്ങളില്ലാതെ മാതൃകാപരമായി നടന്നുവരുന്ന ഉത്സവമാണ് പൊങ്കാല. ജില്ലാ ഭരണസംവിധാനം ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ എല്ലാവരും കൃത്യമായി പാലിക്കേണ്ടതുണ്ട്. തലസ്ഥാന നഗരിയെ ശുചിത്വവും ക്രമസമാധാനവുമുള്ള ഇടമായി നിലനിർത്തുന്നതിനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല അവിസ്മരണീയമായ അനുഭവമാക്കി മാറ്റാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

More Stories from this section

family-dental
witywide