വാഷിംഗ്ടണ്‍ : പനാമ കനാല്‍ തിരിച്ചുപിടിക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അല്ലെങ്കില്‍ സുപ്രധാന ജലപാതയ്ക്ക് ചുറ്റുമുള്ള ചൈനയുടെ സാന്നിധ്യം സംബന്ധിച്ച് പനാമയുമായുള്ള നയതന്ത്ര തര്‍ക്കത്തില്‍ ‘ശക്തമായ’ നടപടിയുണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
‘ചൈനയ്ക്ക് നല്‍കാത്ത, പനാമയ്ക്ക് മണ്ടത്തരമായി നല്‍കിയ പനാമ കനാല്‍ ചൈനയാണ് ഇപ്പോള്‍ നടത്തുന്നതെന്നും കരാര്‍ ലംഘിച്ചുവെന്നും ഞങ്ങള്‍ അത് തിരികെ എടുക്കാന്‍ പോകുന്നു, അല്ലെങ്കില്‍ വളരെ ശക്തമായ എന്തെങ്കിലും സംഭവിക്കാന്‍ പോകുന്നു,’ എന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉന്നത യുഎസ് നയതന്ത്രജ്ഞനെന്ന നിലയില്‍ തന്റെ ആദ്യ വിദേശ യാത്ര നടത്തിയ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പനാമ പ്രസിഡന്റ് റൗള്‍ മുലിനോയുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് കനാലിന്റെ നിയന്ത്രണം യുഎസ് തിരിച്ചുപിടിക്കണമെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം ഉയര്‍ന്നത്. കനാലിന് മേലുള്ള പനാമയുടെ പരമാധികാരം ചര്‍ച്ചയ്ക്ക് വിധേയമല്ലെന്ന് മുലിനോ റൂബിയോയോട് പറഞ്ഞെങ്കിലും, ജലപാതയ്ക്ക് ചുറ്റുമുള്ള ചൈനയുടെ സ്വാധീനത്തെക്കുറിച്ചുള്ള യുഎസിന്റെ ആശങ്കകള്‍ പരിശോധിക്കുമെന്നും പനാമ പ്രസിഡന്റ് പറഞ്ഞു.
പ്രധാന സമുദ്രാന്തര ജലപാതയായ കനാല്‍ പനാമയുടേതാണ്, അങ്ങനെ തന്നെ തുടരും, എന്നാണ് പ്രസിഡന്റ് ജോസ് റൗള്‍ മുലിനോ സോഷ്യല്‍ മീഡിയയിലടക്കം കുറിച്ചിരിക്കുന്നത്.