
വാഷിംഗ്ടണ്‍: അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മാധ്യമ ശൃംഖലയായ വോയ്സ് ഓഫ് അമേരിക്കയില്‍ കൂട്ടപ്പിരിച്ചു വിടല്‍. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ് പിരിച്ചു വിടല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയില്‍ വഴിയാണ് സന്ദേശമെത്തിയത്. എന്നാല്‍, നിയമ പരിരക്ഷകളുള്ള സ്ഥിര ജീവനക്കാരായ തൊഴിലാളികള്‍ക്കൊന്നും ഇത് വരെ ഇ- മെയില്‍ സന്ദേശം ലഭിച്ചിട്ടില്ല. പക്ഷേ, അഡ്മിനിസ്‌ട്രേറ്റീവ് അവധിയില്‍ തുടരാനും ജോലി ചെയ്യരുതെന്നും ഇവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
പിരിച്ചുവിടല്‍ നേരിടുന്നവര്‍ക്ക് മാര്‍ച്ച് അവസാനം വരെയാണ് സമയം നല്‍കിയിരിക്കുന്നത്. മാര്‍ച്ച് അവസാനം മുതല്‍ ജോലി നിര്‍ത്തണമെന്നും ഏജന്‍സി കെട്ടിടങ്ങളിലേക്ക് പ്രവേശിക്കരുതെന്നും സിസ്റ്റം ഉപയോഗിക്കാന്‍ അനുവാദിക്കില്ലെന്നും വാര്‍ത്താ ഏജന്‍സിയായ എഎഫ്പി സ്ഥിരീകരിച്ചിട്ടുണ്ട്.
മാധ്യമ സ്വാതന്ത്ര്യമില്ലാത്ത 49 ഭാഷകളില്‍ വാര്‍ത്തകള്‍ എത്തിക്കുവാനായി രണ്ടാം ലോകമഹായുദ്ധകാലത്താണ് വോയ്‌സ് ഓഫ് അമേരിക്ക എന്ന ഏജന്‍സി ആരംഭിക്കുന്നത്. വോയ്സ് ഓഫ് അമേരിക്ക ഇന്റര്‍നെറ്റ്, മൊബൈല്‍, സോഷ്യല്‍ മീഡിയ, റേഡിയോ, ടെലിവിഷന്‍ എന്നിവയിലൂടെ വാര്‍ത്തകള്‍, വിവരങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ നല്‍കുന്നു. വോയ്‌സ് ഓഫ് അമേരിക്കയുടെ തൊഴിലാളികളില്‍ ഭൂരിഭാഗവും കരാര്‍ തൊഴിലാളികളാണ്. പല കരാറുകാരും യുഎസ് പൗരന്മാരല്ല മറിച്ച് ഇംഗ്ലീഷ് ഇതര ഭാഷാ സേവനങ്ങളിലെ സ്റ്റാഫുകളാണ്. പിരിച്ചു വിടല്‍ വിനയാകുമ്പോള്‍ അവരില്‍ ഭൂരിഭാഗവും സ്വന്തം നാടുകളിലേക്ക് മടങ്ങേണ്ട അവസ്ഥയും വരും.