
പ്രയാഗ്രാജ്: പ്രയാഗ്രാജിലെ മഹാകുംഭമേളയില്‍ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ന് രാവിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തി. ഫ്‌ലോട്ടിംഗ് ജെട്ടിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എത്തിയ രാഷ്ട്രപതി പുണ്യസ്‌നാനം നടത്തുന്ന ചിത്രങ്ങളും എത്തിയിട്ടുണ്ട്.
ഡോ. രാജേന്ദ്ര പ്രസാദിന് ശേഷം സംഗമത്തില്‍ മുങ്ങിയ രണ്ടാമത്തെ രാഷ്ട്രപതിയാണ് മുര്‍മു. രാവിലെ പ്രയാഗ്രാജില്‍ വിമാനമിറങ്ങിയ രാഷ്ട്രപതി, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പമാണ് സംഗമത്തിലെത്തിയത്. ബഡെ ഹനുമാന്‍ ക്ഷേത്രത്തിലും അക്ഷയവത വൃക്ഷത്തിലും അവര്‍ പ്രാര്‍ത്ഥന നടത്തും.
പുരാണ നദികളായ ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമസ്ഥാനമാണ് ത്രിവേണി സംഗമം. ഈ നദീ സംഗമത്തിന് ഹിന്ദുമതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഇപ്പോള്‍ നടക്കുന്ന മഹാ കുംഭമേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സ്മൃതി ഇറാനി എന്നിങ്ങനെ നിരവധി രാഷ്ട്രീയ പ്രമുഖര്‍ പുണ്യ സ്‌നാനം നടത്തിയിട്ടുണ്ട്.