
ന്യൂഡൽഹി: യുവാക്കളുടെ വിദ്യാഭ്യാസത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ബാബാസാഹെബ് അംബേദ്കറിനേയും ഭരണഘടനാ സമിതിയിലെ എല്ലാവരേയും പ്രണമിക്കുന്നു. ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി പാർലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
മുൻ സർക്കാരുകളേക്കാൾ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സർക്കാർ പ്രവർത്തിക്കുന്നത്. ഇടത്തരക്കാരുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മൂന്ന് കോടി കുടുംബങ്ങൾക്ക് പുതിയ വീടുകൾ നിർമിക്കുന്നതിനായി പ്രധാനമന്ത്രി ആവാസ് യോജന വിപുലീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, വഖഫ് ഭേദഗതി ബില്ല് എന്നിവയിലേക്ക് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു. യുവാക്കളുടെ വിദ്യാഭ്യാസത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് തന്നെ ആയുഷ്മാൻ പദ്ധതിക്ക് കീഴിൽ 70 വയസ്സിൽ കൂടുതലുള്ള ആറ് കോടി മുതിർന്ന പൗരന്മാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകാൻ തീരുമാനിച്ചു. സ്ത്രീകളുടെ നേതൃത്വത്തിൽ രാജ്യത്തെ ശാക്തീകരിക്കുന്നതിൽ സർക്കാർ വിശ്വസിക്കുന്നു.
അവർ സേനയിൽ യുദ്ധവിമാനങ്ങൾ പറത്തുന്നതും പോലീസിൽ ചേരുന്നതും മുൻനിര കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതും അഭിമാനകരമായ കാര്യമാണ്. രാജ്യത്തെ പെൺമക്കൾ ഒളിമ്പിക് മെഡലുകൾ നേടി രാജ്യത്തിൻ്റെ അഭിമാനം ഉയർത്തുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
President says the government is paying special attention to creating new job opportunities.