പ്രസിഡന്റ് ട്രംപിന്റെ ആദ്യ എക്സിക്യൂട്ടീവ് ഉത്തരവുകൾ: നയ പ്രഖ്യാപനങ്ങളുടെ പൂർണ്ണ വിവരങ്ങൾ

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഡൊണാൾഡ് ട്രംപ്, കുടിയേറ്റം, ഊർജ്ജം, ദേശീയ സുരക്ഷ എന്നിവയിലെ അമേരിക്കയുടെ നയങ്ങൾ പുനർനിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെ, എക്സിക്യൂട്ടീവ് നടപടികളുടെ ഒരു പരമ്പര തന്നെ സ്വീകരിച്ചിരിക്കുകയാണ് . തെക്കൻ അതിർത്തിയിലെ ദേശീയ അടിയന്തരാവസ്ഥയും വാഹന – സൈനിക മേഖലകളിലെ പ്രധാന പരിഷ്കാരങ്ങളും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ വിപുലമായ പദ്ധതികൾ രാജ്യത്തിന്റെ ഭാവി പുനർനിർമ്മിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്യുന്നു.

അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലെ നയപ്രഖ്യാപനങ്ങൾ ഇവയെല്ലാമാണ്

തെക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ


യുഎസിൻ്റെ തെക്കൻ അതിർത്തിയിൽ ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, നിയമവിരുദ്ധ കുടിയേറ്റം ഒരു പ്രധാന ദേശീയ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം “ദശലക്ഷക്കണക്കിന് ക്രിമിനൽ അന്യഗ്രഹജീവികളെ അവർ വന്നിടത്തേക്ക് തന്നെ തിരിച്ചയക്കും,” ട്രംപ് പ്രഖ്യാപിച്ചു.

അസൈലം സീക്കേഴ്സിൻ്റെ കേസുകൾ പരിശോധിക്കുന്നതുവരെ മെക്സിക്കോയിൽ തന്നെ തുടരണം എന്ന് ട്രംപ് ആവശ്യപ്പെട്ടു. “വിനാശകരമായ അധിനിവേശം” തടയാൻ തെക്കൻ അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“എല്ലാ നിയമവിരുദ്ധ പ്രവേശനവും ഉടൻ നിർത്തും, ദശലക്ഷക്കണക്കിന് അനധികൃത വിദേശികളെ നാടുകടത്തുന്ന പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു,” അദ്ദേഹം കൂട്ടിച്ചേർത്തു. മെക്സിക്കൻ മയക്കുമരുന്ന് കാർട്ടലുകളെ വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിക്കാനുള്ള പദ്ധതികളും ട്രംപ് പ്രഖ്യാപിച്ചു. അതിനായി 1798 ലെ ഏലിയൻ എനിമീസ് ആക്ട് നടപ്പാക്കും.

മയക്കുമരുന്ന് കാർട്ടലുകൾക്കെതിരെ നടപടി
വിദേശ മയക്കുമരുന്നു കാർട്ടലുകളെ വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് നടപടി സ്വീകരിക്കും. “ഇന്ന് ഞാൻ ഒപ്പിട്ട ഉത്തരവുകൾ പ്രകാരം, വിദേശ സംഘങ്ങളുടെയും ക്രിമിനൽ ശൃംഖലകളുടെയും സാന്നിധ്യം ഇല്ലാതാക്കാൻ ഫെഡറൽ, സംസ്ഥാന നിയമ ങ്ങൾ ഞങ്ങൾ ഉപയോഗിക്കും,” അദ്ദേഹം പറഞ്ഞു.

, “ആരും ഇതുവരെ കണ്ടിട്ടില്ലാത്ത തലത്തിൽ ഭീഷണികളിൽ നിന്നും അധിനിവേശങ്ങളിൽ നിന്നും നമ്മുടെ രാജ്യത്തെ ഞാൻ സംരക്ഷിക്കും.”കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിൽ തന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ട്രംപ് ഊന്നിപ്പറഞ്ഞു.

ഇലക്ട്രിക് വാഹന മാൻഡേറ്റ് അവസാനിപ്പിക്കുന്നു

ഉപഭോക്താവിനും അമേരിക്കൻ വാഹന വ്യവസായത്തിനും ഹാനികരമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഇലക്ട്രിക് വാഹന (ഇവി) മാൻഡേറ്റ് പിൻവലിക്കുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു.

“ഇന്നത്തെ എന്റെ നടപടികളിലൂടെ, ഗ്രീൻ ന്യൂ ഡീൽ അവസാനിപ്പിക്കുകയാണ്. ഇലക്ട്രിക് വാഹന ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ്. നമ്മുടെവാഹന വ്യവസായത്തെ രക്ഷിക്കും, എന്റെ മഹത്തായ അമേരിക്കൻ വാഹന തൊഴിലാളികൾക്ക് ഞാൻ വാദ്ദാനം ചെയ്തത് നടപ്പിലാക്കുകയാണ്,” അദ്ദേഹം പറഞ്ഞു. “നിങ്ങൾക്ക് ഇഷ്ടമുള്ള കാർ വാങ്ങാൻ കഴിയും. ഞങ്ങൾ അമേരിക്കയിൽ വീണ്ടും സങ്കൽപ്പിക്കാനാവാത്ത നിരക്കിൽ വാഹനങ്ങൾ നിർമ്മിക്കും.” ട്രംപ് പറഞ്ഞു.

ദേശീയ ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഊർജ്ജ വിലയും പണപ്പെരുപ്പവും പരിഹരിക്കുന്നതിന്, ട്രംപ് ഒരു ദേശീയ ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പെട്രോളിയം ഇന്ധന മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. കൂടുതൽ ഉർജ ഘനന നടപടികളും പ്രഖ്യാപിച്ചു.

“ അമിത ചെലവും വർദ്ധിച്ചുവരുന്ന ഊർജ്ജ വിലയും” പണപ്പെരുപ്പത്തിന് കാരണമായതായി ട്രംപ് കുറ്റപ്പെടുത്തി, ആഗോളതലത്തിൽ അമേരിക്ക ഇന്ധനം കയറ്റുമതി ചെയ്യുമ്പോൾ രാജ്യത്തിന്റെ തന്ത്രപരമായ കരുതൽ ശേഖരം വലിയ തോതിൽ വർധിക്കും. “അമേരിക്ക വീണ്ടും ഒരു ഉൽപ്പാദന ശക്തികേന്ദ്രമായി മാറും, നമ്മുടെ വിശാലമായ എണ്ണ – വാതക ശേഖരം ഉപയോഗപ്പെടുത്തും,” അദ്ദേഹം പറഞ്ഞു.

വ്യാപാര സംവിധാനത്തിന്റെ പുനഃസംഘടന

അമേരിക്കൻ തൊഴിലാളികളെയും കുടുംബങ്ങളെയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട്, യുഎസ് വ്യാപാര സംവിധാനം പുനഃക്രമീകരിക്കാനുള്ള അടിയന്തര പദ്ധതികൾ ട്രംപ് പ്രഖ്യാപിച്ചു. “നമ്മുടെ പൗരന്മാരെ സമ്പന്നരാക്കാൻ വിദേശ രാജ്യങ്ങൾക്ക് താരിഫ് ചുമത്തുകയും നികുതി ചുമത്തുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.

ഇത് നേടുന്നതിനായി, താരിഫുകൾ, തീരുവകൾ, വരുമാനം എന്നിവ ശേഖരിക്കുന്നതിനായി ഒരു വിദേശകാര്യ റവന്യൂ സർവീസ് വകുപ്പ് തന്നെ ഉണ്ടാക്കുമെന്ന് ട്രംപ് പറഞ്ഞു. ഇത് യുഎസ് ട്രഷറിയിലേക്ക് “വൻതോതിൽ പണം” കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വ പര്യവേക്ഷണം
ബഹിരാകാശ പര്യവേക്ഷണങ്ങളോടുള്ള തന്റെ പ്രതിബദ്ധത പ്രസിഡന്റ് ട്രംപ് ആവർത്തിച്ചു. അമേരിക്കൻ ബഹിരാകാശയാത്രികരെ ചൊവ്വയിലേക്ക് അയക്കുമെന്ന് പ്രഖ്യാപിച്ചു.

ഗവൺമെന്റ് എഫിഷ്യൻസി വകുപ്പ് (DOGE)
സർക്കാർ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള തന്റെ ശ്രമത്തിന്റെ ഭാഗമായി, എലോൺ മസ്‌കിൻ്റെയും വിവേക് ​​രാമസ്വാമിയുടേയും നേതൃത്വത്തിലുള്ള ഗവൺമെന്റ് എഫിഷ്യൻസി വകുപ്പ് (DOGE) സ്ഥാപിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചു.

സർക്കാർ ചെലവുകൾ കുറയ്ക്കുന്നതും ഫെഡറൽ സംവിധാനങ്ങളെ ആധുനികവൽക്കരിക്കുന്നതും വകുപ്പിന്റെ ദൗത്യത്തിൽ ഉൾപ്പെടുന്നു. “ഈ സംരംഭം ഫെഡറൽ പ്രവർത്തനങ്ങൾക്ക് അഭൂതപൂർവമായ കാര്യക്ഷമത കൊണ്ടുവരും,” ട്രംപ് പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണം
മുൻകാല പ്രവർത്തനങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് സർക്കാർ സെൻസർഷിപ്പ് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. “രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കാൻ ഇനി ഒരിക്കലും നിയമം ആയുധമാക്കില്ല,” അദ്ദേഹം പ്രഖ്യാപിച്ചു.

മെക്സിക്കോ ഉൾക്കടലിൻ്റെ പേര് മാറ്റും
മെക്സിക്കോ ഉൾക്കടലിനെ അമേരിക്കൻ ഉൾക്കടൽ എന്ന് പുനർനാമകരണം ചെയ്യാനും ഡെനാലിയുടെ പേര് മൗണ്ട് മക്കിൻലി എന്ന് പുനഃസ്ഥാപിക്കാനും പദ്ധതിയിട്ടതായി ട്രംപ് പ്രഖ്യാപിച്ചു.

“ഭൂമിയിലെ ഏറ്റവും വലുതും ശക്തവും ഏറ്റവും ആദരണീയവുമായ രാഷ്ട്രമെന്ന നിലയിൽ അമേരിക്ക അതിന്റെ പ്രതാപം വീണ്ടെടുക്കും,” അദ്ദേഹം പറഞ്ഞു.

പനാമ കനാൽ തിരിച്ചുപിടിക്കും
പനാമ യുഎസിന് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചുവെന്നും ചൈനീസ് സ്വാധീനം അനുവദിച്ചുവെന്നും ആരോപിച്ച് ട്രംപ് പനാമ കനാലിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് വീണ്ടും തുടക്കമിട്ടു.

“ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു മണ്ടത്തരമായിരുന്നു കനാൽ പനാമയ്ക്ക് നൽകിയത്.,” അദ്ദേഹം പറഞ്ഞു. “ഞാൻ അത് തിരിച്ചെടുക്കുകയാണ്.” പനാമ അമേരിക്കയുമായി ഉണ്ടാക്കിയ ഉടമ്പടി ലംഘിച്ചു. പനാമയിൽ ചൈനീസ് അധിനിവേശമാണ് ഇപ്പോൾ. അതിനാൽ തന്നെ അത് അമേരിക്ക തിരിച്ചു പിടിക്കും. ട്രംപ് പറഞ്ഞു.

പുതിയ ലിംഗ നയം

ഫെഡറൽ ഗവൺമെന്റിനുള്ളിൽ രണ്ട് ജെൻഡർ മാത്രമേയുള്ളു – പുരുഷനും സ്ത്രീയും . LGBTQ+ ലിംഗ സ്വത്വങ്ങൾ ഉള്ളതായി ഇനി പരിഗണിക്കില്ല.

. “ഇന്നു മുതൽ, രണ്ട് ജെൻഡറുകളേയുള്ളു. ഇത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവൺമെന്റിന്റെ ഔദ്യോഗിക നയമായിരിക്കും,” അദ്ദേഹം പ്രഖ്യാപിച്ചു.

കൂടാതെ, വൈവിധ്യത്തെ അംഗീകരിക്കുന്ന പരിപാടികൾ അവസാനിപ്പിക്കും. മെറിറ്റ് അധിഷ്ഠിത സമൂഹമായിരിക്കും അമേരിക്ക. നിറത്തിന്റെ പേരിലുള്ള ഇളവുകൾ നൽകുന്ന സോഷ്യൽ എഞ്ചിനീയറിംഗ് അവസാനിക്കുകയാണ്. ട്രംപ് പറഞ്ഞു

സൈനിക പരിഷ്കാരങ്ങൾ
COVID-19 വാക്സിൻ മാൻഡേറ്റിനെതിരായ എതിർപ്പിന്റെ പേരിൽ പുറത്താക്കപ്പെട്ട സർവീസ് അംഗങ്ങളെ മുഴുവൻ ശമ്പളവും നൽകികൊണ്ട് പുനഃസ്ഥാപിക്കും. , അന്യായമായി പുറത്താക്കപ്പെട്ട ഏതൊരു സർവീസ് അംഗത്തെയും ഈ ആഴ്ചതന്നെ ഞാൻ പുനഃസ്ഥാപിക്കും,” അദ്ദേഹം പ്രഖ്യാപിച്ചു.

“തീവ്രമായ രാഷ്ട്രീയ സിദ്ധാന്തങ്ങളും സാമൂഹിക പരീക്ഷണങ്ങളും” സൈന്യത്തിൽ ഉൾപ്പെടുത്തുന്നതിനെയും അദ്ദേഹം വിമർശിച്ചു, ഈ രീതികൾ ഉടനടി അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

President Trump’s First Executive Order

More Stories from this section

family-dental
witywide