വാഷിംഗ്ടണ്‍ : പുതുതായി അധികാരമേറ്റ ഡോണാള്‍ഡ് ട്രംപ് ഭരണകൂടം 90 ദിവസത്തേക്ക് വിദേശ സഹായം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായുള്ള വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ യുക്രെയ്നിനുള്ള സൈനിക സഹായം യുഎസ് നിര്‍ത്തിയിട്ടില്ലെന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ശനിയാഴ്ച പറഞ്ഞു. മാത്രമല്ല, അതിനുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.
”ഞാന്‍ സൈനിക സഹായത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു; അത് നിര്‍ത്തിയിട്ടില്ല, ദൈവത്തിന് നന്ദി,” മോള്‍ഡോവന്‍ പ്രസിഡന്റ് മായ സാന്‍ഡുവുമായുള്ള പത്രസമ്മേളനത്തില്‍ സെലെന്‍സ്‌കിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
റഷ്യയുടെ അധിനിവേശത്തെ ചെറുക്കാന്‍ നടത്തുന്ന യുദ്ധത്തില്‍ യുക്രെയ്ന്‍ അതിന്റെ സൈനിക ആവശ്യങ്ങളില്‍ 40 ശതമാനവും യുഎസിനെ ആശ്രയിച്ചാണ് നടത്തുന്നത്. എന്നാല്‍, 2022 ജനുവരി മുതല്‍ റഷ്യയുമായി രക്തരൂക്ഷിതമായ യുദ്ധം നടത്തുന്ന യുക്രെയിനായുള്ള മാനുഷിക സഹായം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടോ എന്ന് സെലന്‍സ്‌കി വ്യക്തമാക്കിയിട്ടില്ല.
ഇസ്രായേലിനും ഈജിപ്തിനും നല്‍കുന്ന വിദേശ സഹായ ഗ്രാന്റുകള്‍ ഒഴികെ മറ്റെല്ലാ സഹായങ്ങളും 90 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് പുതുതായി സത്യപ്രതിജ്ഞ ചെയ്ത യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.