
പാരീസ്: 2047 ഓടെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് രാജ്യം പ്രവര്‍ത്തിക്കുന്നുവെന്നും ശക്തമായ ഒരു വ്യവസായ സൗഹൃദ അന്തരീക്ഷവും നയ തുടര്‍ച്ചയും ഇന്ത്യയിലുണ്ടെന്നും 14-ാമത് ഇന്ത്യ-ഫ്രാന്‍സ് സിഇഒ ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നുമുള്ള മികച്ച ബിസിനസ്സ് വ്യക്തിത്വങ്ങളുടെ സംഗമമാണിതെന്നും മോദി പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യ-ഫ്രാന്‍സ് സിഇഒ ഫോറത്തില്‍ പ്രധാനമന്ത്രി മോദിയെ അഭിവാദ്യം ചെയ്തു. ‘പ്രസിഡന്റ് മാക്രോണിനൊപ്പം ഈ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത് ഞങ്ങളുടെ ആറാമത്തെ കൂടിക്കാഴ്ചയാണ്. കഴിഞ്ഞ വര്‍ഷം, പ്രസിഡന്റ് മാക്രോണ്‍ നമ്മുടെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായിരുന്നു. ഇന്ന് രാവിലെ, ഞങ്ങള്‍ ഒരുമിച്ച് എഐ ആക്ഷന്‍ ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ചു. ഈ വിജയകരമായ ഉച്ചകോടിക്ക് പ്രസിഡന്റ മാക്രോണിനെ ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.
‘നിങ്ങളെല്ലാം നവീകരിക്കുക, സഹകരിക്കുക, സംയോജിപ്പിക്കുക എന്ന മന്ത്രത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഞാന്‍ കാണുന്നു. നിങ്ങള്‍ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുക മാത്രമല്ല, ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്നു,’ മോദി കൂട്ടിച്ചേര്‍ത്തു. എഐ, ബഹിരാകാശ സാങ്കേതികവിദ്യ, ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പരിപാടി എന്നിവയിലെ ഇന്ത്യയുടെ നേട്ടങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ‘2047 ഓടെ 100 ജിഗാവാട്ട് ആണവോര്‍ജ്ജം എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ മേഖല സ്വകാര്യ മേഖലയ്ക്കും തുറന്നുകൊടുത്തിട്ടുണ്ട്, ഇന്ന്, ഇന്ത്യ അതിവേഗം ഒരു ആഗോള നിക്ഷേപ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയില്‍ സംഭവിച്ച പരിവര്‍ത്തനാത്മക മാറ്റങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാം. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഉടന്‍ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറും,’ ഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവെച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.