”അമ്മയുടെ വാക്കുകള്‍ക്ക് പിന്നില്‍ ദുരുദ്ദേശ്യമില്ല, നല്ല അര്‍ഥത്തില്‍ പറഞ്ഞത്, വളച്ചൊടിക്കരുത്”- സോണിയയെ പ്രതിരോധിച്ച് പ്രിയങ്ക

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിനോടുള്ള കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പ്രതികരണത്തില്‍ ദുരുദ്ദേശ്യമില്ലെന്ന് മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. അമ്മയുടെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും പ്രിയങ്ക വാദിച്ചു.

‘എന്റെ അമ്മ 78 വയസ്സുള്ള ഒരു സ്ത്രീയാണ്, ‘രാഷ്ട്രപതി ഇത്രയും നീണ്ട പ്രസംഗം വായിച്ചു, അവര്‍ ക്ഷീണിതയായിരിക്കണം, പാവം’ എന്ന് മാത്രമാണ് അവര്‍ പറഞ്ഞത്. അവര്‍ ഇന്ത്യന്‍ രാഷ്ട്രപതിയെ പൂര്‍ണ്ണമായി ബഹുമാനിക്കുന്നു. മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ വളച്ചൊടിക്കുന്നത് വളരെ നിര്‍ഭാഗ്യകരമാണെന്ന് ഞാന്‍ കരുതുന്നു. അവര്‍ ഇരുവരും ബഹുമാന്യരായ രണ്ട് ആളുകളാണ്, നമ്മളേക്കാള്‍ പ്രായമുള്ളവരാണ്. അവര്‍ അനാദരവ് കാണിക്കുന്നില്ല”- പ്രിയങ്ക പറഞ്ഞു. മാത്രമല്ല, കാര്യങ്ങള്‍ വഷളാക്കിയതിന് ബിജെപി ആദ്യം ക്ഷമ ചോദിക്കണമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ പാര്‍ലമെന്റ് പ്രസംഗത്തിന് ശേഷം സോണിയ ഗാന്ധി പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രസിഡന്റ് മുര്‍മുവിന്റെ ക്ഷീണത്തെക്കുറിച്ച് സോണിയ ഗാന്ധി മക്കളായ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധി വാദ്രയുമായും അനൗപചാരികമായി സംസാരിച്ച ഒരു വീഡിയോ ക്ലിപ്പില്‍ നിന്നാണ് വിവാദം ഉടലെടുത്തത്. ‘പാവം പ്രസിഡന്റ്, അവസാനമായപ്പോഴേക്കും വളരെ ക്ഷീണിതയായിരുന്നു… അവര്‍ക്ക് സംസാരിക്കാന്‍ പോലും കഴിഞ്ഞില്ല, പാവം,’ സോണിയയുടേതായി വീഡിയോയിലുള്ളത് ഈ വാക്കുകളായിരുന്നു. വിഷയം ബിജെപി ഏറ്റെടുക്കുകയും രാഷ്ട്രപതിയെ അപമാനിച്ചു എന്ന തരത്തിലുമൊക്കെ പ്രതികരണം നടത്തുകയും ചെയ്തു. പിന്നാലെ സോണിയാ ഗാന്ധിയുടെ വാക്കുകള്‍ രാഷ്ട്രപതിയുടെ അന്തസ്സിനെ വ്രണപ്പെടുത്തിയെന്നുകാട്ടി രാഷ്ട്രപതി ഭവന്‍ പ്രസ്താവനയും ഇറക്കിയിരുന്നു.

Also Read

More Stories from this section

family-dental
witywide