
അങ്കാറ: ഇസ്താംബൂള്‍ മേയറുടെ ബിരുദം വ്യാജമാണെന്ന ആരോപണത്തില്‍ അന്വേഷണം നടത്താൻ തുര്‍ക്കി. പ്രതിപക്ഷ മേയറായ എക്രെം ഇമാമോഗ്ലുവിനെതിരെ ഉയര്‍ന്ന വ്യാജ ബിരുദ ആരോപണം അന്വേഷിക്കുമെന്ന് തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അനഡൊലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്താംബൂള്‍ മേയറെ ബുധനാഴ്ച ചോദ്യം ചെയ്യും.
വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (സിഎച്ച്പി) പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ എക്രെം ഇമാമോഗ്ലു വെള്ളിയാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജബിരുദ ആരോപണത്തില്‍ അന്വേഷണം വരുന്നത്. തുര്‍ക്കി ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ക്ക് ബിരുദം നിര്‍ബന്ധമാണ്. അതുകൊണ്ട് തന്നെ ഈ അന്വേഷണം ഇമാമോഗ്ലുവിന് നിര്‍ണ്ണായകമാണ്.
കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ് ഇമാമോഗ്ലുവിനെതിരെ ആദ്യം വ്യാജ ബിരുദ ആരോപണം ഉന്നയിച്ചത്. പിന്നാലെ ഇസ്താംബൂള്‍ മുന്‍സിപ്പാലിറ്റി ബിരുദ സര്‍ട്ടിഫിക്കറ്റാണ് അദ്ദേഹത്തിനുള്ളതെന്ന് അവകാശപ്പെടുന്ന രേഖയുടെ പകര്‍പ്പ് പുറത്തുവിട്ടു. ഇസ്താംബൂള്‍ സര്‍വ്വകലാശാലയില്‍ നിന്ന് 1995-ല്‍ ഇമാമോഗ്ലു നേടിയ ബിസിനസ് മാനേജ്‌മെന്റ് ഡിപ്ലോമയുടെ സര്‍ട്ടിഫിക്കറ്റാണിതെന്നാണ് ഇസ്താംബൂള്‍ മുന്‍സിപ്പാലിറ്റി പറഞ്ഞത്.