
മാനന്തവാടി: കടുവ കടിച്ചുകൊന്ന പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട് സന്ദർശിക്കാനെത്തിയ വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ ജനരോഷം ഇരമ്പി. രാധയുടെ വീട്ടിലേക്കുള്ള മന്ത്രിയുടെ യാത്ര, റോഡിൽ തടഞ്ഞ പ്രതിഷേധക്കാർ മന്ത്രിയെ കൂക്കിവിളിച്ചു. ‘പാട്ട് വെക്കടാ നീ പാട്ട് വെക്ക്’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. ഇന്നലെ വേദിയിൽ പാട്ടുപാടിയ മന്ത്രിയോടുള്ള രോഷം കൂടിയാണ് പ്രതിഷേധക്കാർ കാട്ടിയത്. പ്രദേശവാസികൾ കുത്തിയിരുന്നും റോഡിൽ കിടന്നും പ്രതിഷേധിച്ചതോടെ മന്ത്രിയുടെ യാത്ര മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഒടുവിൽ പൊലീസ് ആളുകളെ ബലം പ്രയോഗിച്ചു നീക്കിയതോടെയാണ് കൊല്ലപ്പെട്ട രാധയുടെ വീട്ടിലേക്ക് മന്ത്രിക്ക് കയറാനായത്.
അതിനിടെ രാധയെ കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി. വന്യജീവി ആക്രമവുമായി ബന്ധപ്പെട്ട കളക്ടറേറ്റില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.