
ഏറ്റുമാനൂര്‍: തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബിയുടെ ഭാര്യ ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവര്‍ ട്രെയിനു മുന്നില്‍ച്ചാടി ആത്മഹത്യചെയ്ത സംഭവത്തില്‍ മള്ളൂശ്ശേരി സെയ്ന്റ് തോമസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ പ്രതിഷേധിച്ചു. സഭാ നേതൃത്വം ഇടപെട്ടിരുന്നെങ്കില്‍ ഷൈനിയും മക്കളും ആത്മഹത്യ ചെയ്യേണ്ടിവരില്ലായിരുന്നുവെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ കുര്‍ബാനയ്ക്കുശേഷം എട്ടരയോടെയായിരുന്നു പ്രതിഷേധം.
ബി.എസ്സി. നഴ്‌സിങ് പഠിച്ച ഷൈനി 12-ആശുപത്രികളെയാണ് ജോലിക്കായി സമീപിച്ചത്. സഭ ഇടപെട്ടാല്‍ ജോലി ലഭിക്കുമായിരുന്നുവെന്നും കുടുംബപ്രശ്നങ്ങള്‍ പള്ളി മുഖേന പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ഷൈനിക്കും മക്കള്‍ക്കും ഇവിടെ നീതികിട്ടിയില്ലെന്നും ആരും ഒന്നും ചെയ്തില്ലെന്നും അവര്‍ പറയുന്നു.
മള്ളൂശ്ശേരി സെയ്ന്റ് തോമസ് പള്ളി സംയുക്ത സംഘടനകള്‍, സെയ്ന്റ് തോമസ് കുടുംബയോഗം, ലിജിയന്‍ ഓഫ് മേരി, കെ.സി.സി., കെ.സി.ഡബ്ല്യു.എ., വിന്‍സെന്റ് ഡി പോള്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.