
മോസ്‌കോ: റഷ്യയും യുക്രെയ്‌നും തമ്മിലുള്ള വെടിനിര്‍ത്തല്‍ സംബന്ധിച്ച യുഎസ്-യുക്രെയ്ന്‍ നിര്‍ദ്ദേശത്തെ വിമര്‍ശിച്ച് പുടിന്റെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാകോവ്. ഇത് യുക്രെയ്ന്‍ സൈന്യത്തിന് ഒരു ‘ആശ്വാസം’ മാത്രമായിരിക്കുമെന്നും യു.എസിലെ റഷ്യന്‍ മുന്‍ അംബാസിഡര്‍ കൂടിയായ അദ്ദേഹം പരാമര്‍ശിച്ചു.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സുമായി ഫോണില്‍ സംസാരിച്ച ശേഷം യൂറി ഉഷാകോവ് ‘ഇത് യുക്രെയ്ന്‍ സൈന്യത്തിന് ഒരു താല്‍ക്കാലിക ആശ്വാസം മാത്രമായിരിക്കും,’എന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
റഷ്യയുടെ നിയമപരമായ താല്‍പ്പര്യങ്ങള്‍ സുരക്ഷിതമാക്കുന്ന ഒരു ‘ദീര്‍ഘകാല സമാധാനപരമായ പരിഹാരമാണ് റഷ്യ ലക്ഷ്യമിടുന്നത്. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ‘കൂടുതല്‍ വ്യക്തവും വസ്തുനിഷ്ഠവുമായ വിലയിരുത്തലുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് യുക്രേനിയന്‍ സൈന്യത്തിന് താല്‍ക്കാലിക വിശ്രമമല്ലാതെ മറ്റൊന്നുമല്ലെന്ന് ഞാന്‍ ഞങ്ങളുടെ നിലപാട് വ്യക്തമാക്കി, അതില്‍ കൂടുതലൊന്നുമില്ല,” ഉഷാകോവ് പറയുന്നു. ”നമ്മുടെ രാജ്യത്തിന്റെ നിയമാനുസൃത താല്‍പ്പര്യങ്ങളും നമ്മുടെ അറിയപ്പെടുന്ന ആശങ്കകളും കണക്കിലെടുക്കുന്ന ഒരു ദീര്‍ഘകാല സമാധാനപരമായ ഒത്തുതീര്‍പ്പാണ് ഞങ്ങളുടെ ലക്ഷ്യം. ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പുടിനെ കാണാന്‍ മോസ്‌കോയില്‍ എത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ യുക്രെയ്ന്‍ സംഘര്‍ഷത്തിന് വിരാമം നല്‍കാന്‍ യുഎസ് മോസ്‌കോയെ പ്രേരിപ്പിക്കുന്നുണ്ട്.