അൻവറിനെതിരായ പൊലീസ് നടപടി; പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്, ഭരണകൂട ഭീകരതയെന്ന് നേതാക്കൾ, സ്വാഭാവിക നടപടിയെന്ന് വനംമന്ത്രി

മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ പി വി അന്‍വര്‍ എം എല്‍ എയെ കോടതി റിമാൻഡ് ചെയ്തു. അൻവറിനെ തവനൂർ ജയിലിലേക്ക് മാറ്റി. അൻവറിനെതിരായ പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. ഭരണകൂട ഭീകരതയാണ് അൻവറിനെതിരായ പൊലീസ് നടപടിയെന്നാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കമുള്ളവർ അഭിപ്രായപ്പെട്ടത്. അതേസമയം സർക്കാർ ഓഫീസ് അടിച്ചു തകർത്താൽ ഉള്ള സ്വാഭാവിക നടപടി മാത്രമാണ് ഉണ്ടായതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.

മലപ്പുറത്ത് കട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിന്‍റെ നേതൃത്വത്തിൽ ഡി എം കെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. നിലമ്പൂരിലെ ഒതായിയിലുള്ള വീടിനു മുന്നിൽ വൻ പൊലീസ് സന്നാ​ഹമെത്തിയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാം പ്രതി അൻവറാണ്. അറസ്റ്റ് പിണറായി സർക്കാരിന്‍റെ ഭരണകൂട ഭീകരതയെന്ന് പ്രതികരിച്ച അൻവർ, പുറത്തിറങ്ങിയിട്ട് കാണാമെന്നും വെല്ലുവിളിച്ചു. തിങ്കളാഴ്ച ജാമ്യാപേക്ഷ നൽകുമെന്നും നിലമ്പൂർ എം എൽ എ വ്യക്തമാക്കി.

ചെന്നിത്തല പറഞ്ഞത്

പിവി അൻവറിൻ്റെ അറസ്റ്റ് ഭരണ കൂട ഭീകരത. നിയമ പ്രശ്നവുമായി ബന്ധപ്പെട്ട് പി വി അൻവറിനെ രാത്രി വീടു വളഞ്ഞ് അറസ്റ്റ് ചെയ്ത പോലീസ് നടപടി ഭരണകൂട ഭീകരതയാണ് ‘പി വി അൻവർ ഒരു എംഎൽഎ ആണ് ‘അയാളുടെ വീട് വളഞ്ഞ് രാത്രിയിൽ അറസ്റ്റ് ചെയ്യേണ്ട സാഹചര്യങ്ങൾ ഒന്നും നിലവിലില്ല. അദ്ദേഹം എങ്ങോട്ടും ഒളിച്ചു പോകാൻ പോകുന്നില്ല.പൊതുമുതൽ നശിപ്പിച്ചു എന്ന കേസ് രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ തക്കവണ്ണമുള്ള ഒരു വലിയ പ്രശ്നമല്ല.ഇത് മുൻകാലങ്ങളിൽ നടന്ന രാഷ്ട്രീയ പ്രശ്നങ്ങളുടെ തുടർച്ചയായി സർക്കാർ ഭരണകൂട ഭീകരതയുടെ ഏറ്റവും വൃത്തികെട്ട മുഖം കാണിക്കുന്ന സംഭവമാണ്.ഇത് കേരള പോലീസിന്റെ ചരിത്രത്തിൽ ഒരു കളങ്കമായി കിടക്കും. ഈ വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു.

കെ സുധാകരൻ പറഞ്ഞത്

പൊതുമുതൽ നശിപ്പിച്ച കേസിന്റെ പേരിൽ പി വി അൻവറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണ് ? പൊതുപ്രവർത്തകനും എംഎൽഎയുമാണ് അദ്ദേഹം. പിടികിട്ടാപ്പുള്ളിയല്ല. അറസ്റ്റിനു പോലീസ് അമിത വ്യഗ്രത കാണിച്ചു. സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട് റോഡ് അടച്ച് സ്റ്റേജ് കെട്ടിയപ്പോൾ അന്ന് കേസെടുക്കാൻ മടിച്ച പോലീസിന് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെ കണ്ടാലറിയാവുന്നവരുടെ കൂട്ടത്തിലായിരുന്നു. അന്ന് പോലീസ് കാണിക്കാത്ത ആത്മാർത്ഥത അൻവറെ അറസ്റ്റ് ചെയ്യാൻ കാണിച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണെന്നും കെ. സുധാകരൻ പറഞ്ഞു.

More Stories from this section

family-dental
witywide