ന്യൂഡല്‍ഹി : പതിനഞ്ച് മാസമായി നീണ്ടുനിന്ന ചോരക്കളികള്‍ക്ക് അവസാനമായി. ഗാസ യുദ്ധത്തിനു വിരാമമിട്ട് വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചിരിക്കുകയാണ്. ഇതോടെ, വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വരുമെന്നാണ് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ത്താനി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ഇന്ന് ഇസ്രയേലിന്റെ യുദ്ധകാല കാബിനറ്റ് കരാറിന് അന്തിമ അംഗീകാരം നല്‍കുമെന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസും അറിയിച്ചിട്ടുണ്ട്.
ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന 20നു മുന്‍പ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്താന്‍ യുഎസ് കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നു. ഗാസയില്‍ സമാധാനം പുലരാന്‍ കിണഞ്ഞ് ശ്രമിച്ച ബൈഡന്റെ തൊപ്പിയില്‍ ഇതൊരു പൊന്‍തൂവലാണ്. എന്നാല്‍, തന്റെയും ട്രംപിന്റെയും സംഘങ്ങളുടെ ഒരുമിച്ചുള്ള ശ്രമങ്ങളാണു വെടിനിര്‍ത്തലിലേക്കു നയിച്ചതെന്ന് ബൈഡന്‍ വ്യക്തമാക്കി.
കരാര്‍ പ്രാബല്യത്തില്‍ വരുമ്പോഴേക്കും ഗാസയിലെ ജനവാസമേഖലകളില്‍നിന്നു ഇസ്രയേല്‍ സൈന്യം പിന്‍മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 42 ദിവസം നീളുന്ന ആദ്യഘട്ടത്തിന്റെ തുടക്കത്തില്‍, ഹമാസിന്റെ ബന്ദികളായ 100 പേരില്‍ 33 പേരെ മോചിപ്പിക്കും. പകരം ഇസ്രയേല്‍ ജയിലിലുള്ള നൂറിലേറെ പലസ്തീന്‍കാരെ വിട്ടയയ്ക്കും.