‘സുപ്രീം കോടതി അന്വേഷണം, പൊതുജന സമ്മര്‍ദ്ദം, അവിശ്വാസ പ്രമേയം, വിശ്വാസവോട്ടെടുപ്പ്…’ ബിരേന്‍ സിംഗിന്റെ രാജിക്ക് കാരണങ്ങള്‍ നിരത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മണിപ്പൂര്‍ മുഖ്യമന്ത്രിയായിരുന്ന ബിരേന്‍ സിംഗിന്റെ രാജിക്ക് പിന്നിലുള്ള കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ രാജി വ്യക്തമാക്കുന്നത് വര്‍ദ്ധിച്ചുവരുന്ന പൊതുജന സമ്മര്‍ദ്ദം, സുപ്രീം കോടതിയില്‍ നിന്നുണ്ടാകുന്ന അന്വേഷണം, കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം എന്നിവയൊക്കെയാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.

‘ ഏകദേശം രണ്ട് വര്‍ഷത്തോളം, ബിജെപിയുടെ മുഖ്യമന്ത്രി ബിരേന്‍ സിംഗ് മണിപ്പൂരില്‍ വിഭജനത്തിന് പ്രേരിപ്പിച്ചു. മണിപ്പൂരില്‍ അക്രമവും ജീവഹാനിയും ഇന്ത്യ എന്ന ആശയം നശിപ്പിക്കപ്പെട്ടിട്ടും പ്രധാനമന്ത്രി മോദി അദ്ദേഹത്തെ തുടരാന്‍ അനുവദിച്ചു. എന്നാല്‍ ഏറ്റവും അടിയന്തിര മുന്‍ഗണന സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുക, മണിപ്പൂരിലെ ജനങ്ങളുടെ മുറിവുകള്‍ ഉണക്കുക എന്നിവയാണ്. പ്രധാനമന്ത്രി മോദി ഉടന്‍ തന്നെ മണിപ്പൂര്‍ സന്ദര്‍ശിക്കുകയും ജനങ്ങളെ ശ്രദ്ധിക്കുകയും ഒടുവില്‍ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള തന്റെ പദ്ധതി വിശദീകരിക്കുകയും വേണം’ രാഹുല്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തിനും വിശ്വാസവോട്ടെടുപ്പിനും സാധ്യതയുള്ളതിനാല്‍, തന്റെ സര്‍ക്കാരിനെതിരെ സംസ്ഥാന ബിജെപിയില്‍ ഉയര്‍ന്നുവന്ന എതിര്‍പ്പ് ശമിപ്പിക്കാന്‍ ഇന്നലെ വൈകുന്നേരം ബിരേന്‍ സിംഗ് രാജിവച്ചു.

എന്നാല്‍ സംസ്ഥാനത്ത് അക്രമത്തിന് പ്രേരിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന് ആരോപിച്ച് കുക്കി സമുദായത്തില്‍ നിന്നുള്ള ഒരാള്‍ സുപ്രീം കോടതിയില്‍ പോയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. മുഖ്യമന്ത്രിയുടെതെന്ന് രീതിയില്‍ ചോര്‍ന്ന ഓഡിയോ ടേപ്പുകളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന്റെ പരാതി. ചോര്‍ന്ന ഓഡിയോ ടേപ്പുകളെക്കുറിച്ച് സുപ്രീം കോടതി സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.

2023 മെയ് മാസത്തിലാണ് കുക്കി, മെയ്തി സമുദായങ്ങള്‍ ഉള്‍പ്പെട്ട ഏറ്റവും മോശമായ വംശീയ അക്രമങ്ങളിലൊന്ന് മണിപ്പൂരില്‍ പൊട്ടിപ്പുറപ്പെട്ടത്. ഇത് 200-ലധികം പേരുടെ മരണത്തിനും 60,000-ത്തോളം ആളുകളെ ഭവനരഹിതരാക്കുന്നതിനും കാരണമായി.

Also Read

More Stories from this section

family-dental
witywide