
ഡല്‍ഹി: കേരളത്തിലെ ആശാ വർക്കർമാർ തിരുവനന്തപുരത്ത് നടത്തുന്ന സമരം ലോക്സഭയില്‍ ചർച്ചയാക്കി രാഹുല്‍ ഗാന്ധി അടക്കമുള്ള എംപിമാർ. വിഷയത്തില്‍ കേന്ദ്ര സർക്കാറിന്റെ ഇടപെടല്‍ വേണമെന്നാണ് പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ആശ വർക്കർമാർ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വര്‍ക്കമാര്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. പ്രശ്ന പരിഹാരത്തിനായി കേന്ദ്രസർക്കാർ ഇടപെടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
വിഷയത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയപ്പോൾ കെ സി വേണുഗോപാല്‍, ശശി തരൂര്‍, ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍ എന്നിവരും ആശ വര്‍ക്കര്‍മാരുടെ സമരത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടു. 232 രൂപ മാത്രമാണ് ആശ വര്‍ക്കര്‍മാര്‍ക്ക് ദിവസം ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കെ സി വേണുഗോപാല്‍, അത് പോലും കൃത്യമായി ലഭിക്കാറില്ലെന്നും ഓർമ്മിപ്പിച്ചു. ആശ വർക്കർമാർക്ക് പ്രതിമാസം 21000 രൂപ എന്ന ഏകീകൃത വേതനം നിശ്ചയിക്കുകയും വിരമിക്കൽ ആനുകൂല്യങ്ങള്‍ നല്‍കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ മുൻനിര പോരാളികളാണ് ആശാവർക്കർമാർ. സമാനതകളില്ലാത്ത സേവനമാണ് അവർ സമൂഹത്തിനായി ചെയ്യുന്നത്. 2005 ൽ യുപിഎ അവതരിപ്പിച്ച ഈ പദ്ധതി ഇപ്പോൾ രണ്ട് പതിറ്റാണ്ട് തികയുകയാണെന്നും കാലത്തിനനുസരിച്ചുള്ള പരിഷ്കാരം കേന്ദ്ര സർക്കാർ നടത്തണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
മാതൃ-ശിശു ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് വർധിപ്പിക്കുന്നതിലും പോഷകാഹാരത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും അവബോധം വളർത്തുന്നതിലും ആശാ പ്രവർത്തകർ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി വിഷം അവതരിപ്പിച്ചുകൊണ്ട് ശശി തരൂർ പറഞ്ഞത്.