
കൊച്ചി: ലൈംഗിക അധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നടി ഹണി റോസ് നല്‍കിയ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനായെത്തുന്നത് രാമന്‍പിള്ള അസോസിയേറ്റ്‌സ്. ദ്വിലീപിനും സിദ്ദിഖിനും വേണ്ടി ഹാജരായതും രാമന്‍പിള്ള അസോസിയേറ്റ്‌സായിരുന്നു.
അതേസമയം, തന്റെ പരാമര്‍ശങ്ങള്‍ ദുരുദ്ദേശ്യപരമായിരുന്നില്ലെന്നും അഭിമുഖങ്ങളിലടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും അശ്ലീല പദപ്രയോഗങ്ങളെന്നതു തെറ്റിദ്ധാരണ മാത്രമെന്നും ബോബി പൊലീസിനോടു ആവര്‍ത്തിക്കുന്നുണ്ട്.
ലൈംഗിക അധിക്ഷേപത്തിനും അതിക്രമത്തിനും ഭാരതീയ ന്യായസംഹിതയിലെ 75 (1), (4) വകുപ്പുകളും ഐടി ആക്ടിലെ 67ാം വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം ജാമ്യമില്ലാ വകുപ്പായതിനാല്‍ പ്രതിക്കു ജാമ്യത്തിനായി കോടതിയെ സമീപിക്കേണ്ടിവരും.
എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹണി റോസ് ഇന്നലെ മൊഴി നല്‍കി. ഇതിന്റെ പകര്‍പ്പും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടും. പകര്‍പ്പ് ലഭിച്ച ശേഷം ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. മുന്‍കൂര്‍ ജാമ്യം തേടാനും അതുവരെ ഒളിവില്‍ പോകാനും വരെയുള്ള സാധ്യത അടച്ചുകൊണ്ടായിരുന്നു, ഹണി റോസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ നടപടികള്‍.