
ബെംഗളൂരു: സ്വര്‍ണ്ണം കടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നും പിടിയിലായ കന്നഡ നടി രന്യ റാവു നടത്തിയ കൂടുതല്‍ വിദേശ യാത്രകളുടെ വിവരങ്ങള്‍ പുറത്ത്. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ വളര്‍ത്തുമകളായ രന്യ തന്റെ ഉന്നത ബന്ധങ്ങളും സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചു എന്നാണ് പൊലീസ് സംശയിക്കുന്നത്.
അറസ്റ്റിനുശേഷം റവന്യൂ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ 17 സ്വര്‍ണ്ണബിസ്‌ക്കറ്റുകള്‍ താന്‍ കടത്തിക്കൊണ്ടുവന്നുവെന്ന് ഇവര്‍ സമ്മതിച്ചു. മാത്രമല്ല, മിഡില്‍ ഈസ്റ്റ്, ദുബായ്, യൂറോപ്പ്, അമേരിക്ക ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് താന്‍ യാത്ര ചെയ്തിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇവര്‍ ദുബായിലേക്ക് 27 യാത്രകള്‍ നടത്തിയതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) നേരത്തെ കണ്ടെത്തിയിരുന്നു.
നാലുമാസം മുമ്പാണ് രന്യ വിവാഹിതയായത്. ബെംഗളൂരുവിലുള്ള ആര്‍ക്കിടെക്റ്റായ ജതിന്‍ ഹുക്കേരിയാണ് ഭര്‍ത്താവ്. സ്വര്‍ണ്ണക്കടത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടക്കുന്നുണ്ട്.