കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചെങ്കിലും വേടന് പുറത്തിറങ്ങാനാകില്ല, കസ്റ്റഡിയിൽ തുടരും, ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും; കുരുക്കായത് പുലിപ്പല്ല്

കൊച്ചി: കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചെങ്കിലും റാപ്പർ വേടന് ഇന്ന് രാത്രി പുറത്തിറങ്ങാനാകില്ല. ലഹരി കേസിന് പിന്നാലെ കുരുക്ക് മുറുക്കിയത് വേടന്‍ കഴുത്തില്‍ ധരിച്ചിരുന്ന മാലയാണ്. വേടന്റെ മാലയിമുള്ളത് പുലിയുടെ പല്ലാണെന്ന് വ്യക്തമായതോടെ വനം വകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ ഇന്ന് കസ്റ്റഡിയിൽ കഴിയേണ്ടിവരും. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായിരുന്നതിനാൽ വേടനും കൂട്ടർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. സ്റ്റേഷൻ ജാമ്യം നേടിയെങ്കിലും പിന്നാലെ തന്നെ വേടനെ പുലിപ്പല്ല് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പുലിപ്പല്ല് കേസിൽ കൂടുതൽ തെളിവെടുപ്പിനായി വേടനെ കോടനാട് റേഞ്ച് ഓഫിസ് പരിധിയിലെ മേയ്ക്കപ്പാല സ്റ്റേഷനിലേക്കു കൊണ്ടുപോകും. നാളെ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കിയ ശേഷമാകും തുടർ നടപടി. പുലിപ്പല്ല് തായ് ലാൻഡിൽ നിന്ന് കൊണ്ടുവന്നതാണെന്നും തമിഴ്നാട്ടിൽ നിന്നുള്ള ആരാധകൻ സമ്മാനിച്ചതാണെന്നുമാണ് വേടന്റെ മൊഴിയെന്നാണ് വിവരം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താനാണ് വനംവകുപ്പിന്‍റെ തീരുമാനം.

വനം വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളുടെ നഖം, പല്ല് തുടങ്ങിയവ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. പുലിയുടെ പല്ല് തന്നെയാണോ എന്ന് ഉറപ്പാക്കുന്നതിനായി കോടനാട് നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനിലേക്ക് എത്തിയിരുന്നു. തെളിഞ്ഞാൽ മൂന്ന് മുതൽ 7 വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കുന്നതാണ് കുറ്റം.

കഞ്ചാവ് കൈവശം വച്ചതിന് രാവിലെ പിടിയിലായ വേടന്റെയും റാപ് സംഘത്തിലെ അംഗങ്ങളായ എട്ട് പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ആറന്മുള സ്വദേശി വിനായക് മോഹൻ, തിരുവനന്തപുരം കൈമനം സ്വദേശി വൈഷ്ണവ് ജി.പിള്ള, സഹോദരൻ വിഗനേഷ് ജി.പിള്ള, പെരിന്തൽമണ്ണ സ്വദേശി ജാഫർ, തൃശൂർ പറളിക്കാട് സ്വദേശി കശ്യപ് ഭാസ്കർ, നോർത്ത് പറവൂർ സ്വദേശി വിഷ്ണു കെ.വി, കോട്ടയം മീനടം സ്വദേശി വിമൽ സി.റോയ്, മാള സ്വദേശി ഹേമന്ത് വി.എസ് എന്നിവരാണ് വേടനൊപ്പം അറസ്റ്റിലായത്.

More Stories from this section

family-dental
witywide