ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിനോടുള്ള കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പ്രതികരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതിഭവന്‍. രാഷ്ട്രപതി ഭവന്റെ അന്തസ്സിനെ വ്രണപ്പെടുത്തുന്ന വാക്കുകളാണ് കോണ്‍ഗ്രസ് നേതാവില്‍ നിന്നുണ്ടായതെന്ന് രാഷ്ട്രപതിഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ബജറ്റ് സമ്മേളനത്തിലെ രാഷ്ട്രപതിയുടെ അഭിസംബോധനയേക്കുറിച്ച് സോണിയ ഗാന്ധി നടത്തിയ പ്രതികരണം രാവിലെ മുതല്‍ വിവാദത്തിലേക്ക് വീണിരുന്നു. അഭിസംബോധനയില്‍ നിറയെ വ്യാജ വാഗ്ദാനങ്ങളാണ്. വായിച്ച് കഴിഞ്ഞപ്പോഴേക്കും പാവം തളര്‍ന്നുപോയെന്നായിരുന്നു സോണിയ ഗാന്ധിയുടെ പരാമര്‍ശം. രാഷ്ട്രപതിയുടെ പദവിയെ ബഹുമാനിക്കാത്ത തരത്തിലാണ് സോണിയയുടെ പരാമര്‍ശം എന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.
‘ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പാര്‍ലമെന്റിന്റെ പ്രസംഗത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍, കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില പ്രമുഖ നേതാക്കള്‍ ഉന്നത പദവിയുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്, അതിനാല്‍ അവ അസ്വീകാര്യമാണ്. രാഷ്ട്രപതി സംസാരിച്ച് അവസാനിപ്പിക്കുമ്പോഴേക്കും വളരെ ക്ഷീണിതയായിരുന്നുവെന്നും അവര്‍ക്ക് സംസാരിക്കാന്‍ പോലും കഴിയുന്നില്ലെന്നും ഈ നേതാക്കള്‍ പറഞ്ഞു. സത്യത്തില്‍ നിന്ന് വളരെ അകലെയാണ് ഈ പരാമര്‍ശം. ഒരു ഘട്ടത്തിലും രാഷ്ട്രപതി ക്ഷീണിതയായിരുന്നില്ല. തീര്‍ച്ചയായും, തന്റെ പ്രസംഗത്തിനിടെ ചെയ്തതുപോലെ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി സംസാരിക്കുന്നത് ഒരിക്കലും ക്ഷീണിപ്പിക്കുന്ന കാര്യമല്ലെന്ന് അവര്‍ വിശ്വസിച്ചിരുന്നു’- പ്രസ്താവനയില്‍ പറയുന്നു.