
ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഇന്നലെയുണ്ടായ വൻ ദുരന്തത്തിന് കാരണമായത് അനൗൺസ്മെന്‍റിലെ പാളിച്ചയെന്ന് ഡൽഹി പൊലീസിന്‍റെ കണ്ടെത്തൽ. പ്രയാഗ്രാജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളെ കുറിച്ച് ഒന്നിച്ചുണ്ടായ അനൗൺസ്മെന്‍റിലെ ആശയക്കുഴപ്പമാണ് ദുരന്തത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. 14 -ാം നമ്പർ പ്ലാറ്റ്ഫോമിൽ ഒരു ട്രെയിൻ നിൽക്കേ 16 -ാം പ്ലാറ്റ്ഫോമിലേക്ക് അടുത്ത ട്രെയിൻ വരുന്നതായുള്ള അറിയിപ്പാണ് ആശയകുഴപ്പത്തിനിടയാക്കിയത് എന്നും ഡൽഹി പൊലീസിന്‍റെ പ്രാഥമിക നിഗമനത്തിൽ പറയുന്നു.
അതേസമയം തിരക്കിൽപ്പെട്ടവർക്ക് മുക്കാൽ മണിക്കൂറിന് ശേഷമാണ് അധികൃതരുടെ സഹായം കിട്ടിയതെന്നും ഇതാണ് ദുരന്തം ഇത്രയേറെ ഭീകരമാക്കിയതെന്നുമുള്ള റിപ്പോർട്ടുകളുടെ പുറത്തുവന്നിട്ടുണ്ട്. പ്രയാഗ് രാജിലേക്ക് പോകാൻ വലിയ തിരക്കുണ്ടെന്ന് രാത്രി 8 മണി മുതൽ വ്യക്തമായിട്ടും ഇത് നിയന്ത്രിക്കാനുള്ള നടപടികൾ റെയിൽവേ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല. വലിയ അപകടം നടന്നിട്ടും മൂടിവെക്കാനുള്ള ശ്രമമാണ് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഭാഗത്ത് നിന്നടക്കം തുടക്കത്തിൽ ഉണ്ടായതെന്നും വിമർശനമുണ്ട്. പ്രയാഗ് രാജ് വഴിയുള്ള എല്ലാ ട്രെയിനുകളും അവസാന നാല് പ്ളാറ്റ്ഫോമുകളിൽ നിന്ന് പോകാൻ നിശ്ചയിതും ഇവിടുത്തെ തിരിക്ക് കൂടാൻ ഇടയാക്കി. റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലുംപ്പെട്ട് 18 പേർക്കാണ് ജീവൻ നഷ്ടമായത്.