അതിരുവിട്ട് ട്രംപ് – ചൈന പോര്: കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് – 68,480, ഗ്രാമിന് – 8,560

കൊച്ചി : കേരളത്തിലെ സ്വര്‍ണവിലയ്ക്ക് ശരവേഗം. പവന് ഇന്ന് ഒറ്റയടിക്ക് വര്‍ദ്ധിച്ചത് 2,160 രൂപ. ഇതോടെ ഒരു പവന്റെ വില 68,480 രൂപയിലെത്തി. ഗ്രാമിന് 270 രൂപ കൂടിയതോടെ വില 8,560 രൂപയിലേക്കെത്തി. ഗ്രാമും പവനും ഇന്ന് സര്‍വകാല റെക്കോര്‍ഡ് തൊട്ടു. സംസ്ഥാനത്ത് സ്വര്‍ണവില ഒറ്റദിവസം ഇത്രയും കൂടുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. 18 കാരറ്റ് സ്വര്‍ണവിലയും ഇന്നു കുതിച്ചുകയറി റെക്കോര്‍ഡിലെത്തി.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8560 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7050 രൂപയാണ്.

ചൊവ്വാഴ്ച പവന് 65,800 രൂപയും ഗ്രാമിന് 8,225 രൂപയുമായിരുന്നു വില. ഇന്നലെ 520 രൂപയാണ് വര്‍ധിച്ചത്. രണ്ടുദിവസത്തിനിടെ മാത്രം പവന് 2,680 രൂപയുടെയും ഗ്രാമിന് 335 രൂപയുടെയും വര്‍ധനവുണ്ടായി. പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസും നികുതിയും കൂടിച്ചേരുമ്പോള്‍ വിലക്കയറ്റത്തിന്റെ ഭാരം ഇതിലുമധികമാകും. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 74,000 രൂപയ്ക്ക് മുകളില്‍ നല്‍കണം.

അതേസമയം, അന്താരാഷ്ട്ര സ്വര്‍ണ്ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറില്‍ അധികമാണ് വര്‍ദ്ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3126 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.23 ലും ആണ്. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്.

ട്രംപ്-ചൈന പകരം തീരുവ പോര് മുറുകുന്നത് സ്വര്‍വിലയെ കാര്യമായി ബാധിക്കുന്നുണ്ട്. ലോക സമ്പദ്‌വ്യവസ്ഥയുടെ 43 ശതമാനത്തോളം കൈയാളുന്നത് ഏറ്റവും വലിയ രണ്ടു സാമ്പത്തികശക്തികളായ യുഎസും ചൈനയുമാണെന്നിരിക്കെ, ഇവര്‍ തമ്മിലെ തര്‍ക്കം ആഗോള സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന ആശങ്ക പരക്കെ ഉയരുന്നുണ്ട്. ഇതോടെ സ്വര്‍ണനിക്ഷേപ പദ്ധതികള്‍ക്ക് വലിയ തോതില്‍ സ്വീകാര്യതലഭിക്കുന്നുണ്ട്. ഇതാണ് വില കുതിച്ചുയരാന്‍ കാരണം.

More Stories from this section

family-dental
witywide