ഡല്‍ഹിയുടെ രാഷ്ട്രീയ ‘രേഖ’ തെളിഞ്ഞു: മോദിയുള്‍പ്പെടെ പതിനായിരങ്ങള്‍ സാക്ഷി, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രേഖ ഗുപ്ത

ന്യൂഡല്‍ഹി : ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷാലിമാര്‍ ബാഗില്‍ നിന്നുള്ള ബിജെപി എംഎല്‍എ രേഖ ഗുപ്ത. വ്യാഴാഴ്ച രാംലീല ഗ്രൗണ്ടില്‍ നടന്ന വമ്പന്‍ പരിപാടിയിലാണ് ഡല്‍ഹിയുടെ ഒമ്പതാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ 70 അംഗ നിയമസഭയില്‍ 48 സീറ്റുകള്‍ നേടിയ പാര്‍ട്ടി 27 വര്‍ഷത്തിനുശേഷം ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിച്ചു.

മഹിളാ സമൃദ്ധി യോജന പ്രകാരം സ്ത്രീകള്‍ക്കുള്ള വരുമാന സഹായത്തിന്റെ ആദ്യ ഗഡു, പ്രതിമാസം 2,500 രൂപ, മാര്‍ച്ച് 8 ന് മുമ്പ് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുമെന്ന് ഉറപ്പുനല്‍കായാണ് രേഖ ഗുപ്ത അധികാര കസേരയിലേറുന്നത്.

പുതിയ മുഖ്യമന്ത്രിക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേന സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടി ഉച്ചയ്ക്ക് 1 മണിയോടെയാണ് അവസാനിക്കുന്നത്. ബിജെപി എംഎല്‍എമാരായ പര്‍വേഷ് വര്‍മ്മ, ആശിഷ് സൂദ്, മഞ്ജീന്ദര്‍ സിംഗ് സിര്‍സ, രവിരാജ് ഇന്ദ്രജ് സിംഗ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിംഗ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്നലെ വൈകിട്ടോടെ മാത്രമാണ് ബിജെപി മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കുന്നതിലെ കാലതാമസം കാരണം ബിജെപിയെ ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ പി നദ്ദ, നിരവധി ബിജെപി മുഖ്യമന്ത്രിമാര്‍, പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നു. ആര്‍എസ്എസ് നേതാക്കളും ആത്മീയ ധര്‍മ്മ ഗുരുക്കന്മാരും ഉള്‍പ്പെടെ ഏകദേശം 30,000 അതിഥികളെ ബിജെപി ക്ഷണിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള വ്യവസായികള്‍, സെലിബ്രിറ്റികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ക്കും ക്ഷണമുണ്ടായിരുന്നു.

ഡല്‍ഹിയിലുടനീളം 25,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 15-ലധികം അര്‍ദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. വിവിധയിടങ്ങളില്‍ കമാന്‍ഡോകള്‍, ക്വിക്ക് റിയാക്ഷന്‍ ടീമുകള്‍, പിസിആര്‍ വാനുകള്‍, സ്വാറ്റ് ടീമുകള്‍ എന്നിവയെയും വിന്യസിച്ചിട്ടുണ്ട്. വേദിക്ക് സമീപത്തുള്ള ബഹുനില കെട്ടിടങ്ങളില്‍ സ്നൈപ്പര്‍മാരെയും സജ്ജമാക്കിയതായി ഡല്‍ഹി പൊലീസ് പറഞ്ഞു.

More Stories from this section

family-dental
witywide