
തിരുവനന്തപുരം : സംസ്ഥാനത്തെ ആശ പ്രവര്‍ത്തകര്‍ക്ക് ആശ്വാസം, ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക തുക കൂടി അനുവദിച്ചു. സെക്രട്ടേറിയേറ്റ് പടിക്കല്‍ ആശ വര്‍ക്കര്‍മാരുടെ സമരം തുടങ്ങി 18ാം ദിവസമാണ് സര്‍ക്കാര്‍ നടപടി. മൂന്ന് മാസത്തെ കുടിശ്ശികയും ഇതോടെ സംസ്ഥാന സര്‍ക്കാര്‍ തീര്‍ത്തു. മാത്രമല്ല, ഇന്‍സെന്റീവിലെ കുടിശ്ശികയും കൊടുത്തു തീര്‍ത്തു.
അതേസമയം, സമരക്കാര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ ഒന്ന് മാത്രമാണ് കുടിശിക തീര്‍ക്കണമെന്നതെന്നും ഓണറേറിയം വര്‍ധനയാണ് പ്രധാന ആവശ്യമെന്നും വ്യക്തമാക്കി ആശമാര്‍ സമരം തുടരുകയാണ്.
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ഇതോടെ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വനിത പ്രവര്‍ത്തകരുമായി പൊലീസ് വാക്കേറ്റവുമുണ്ടായി.