
വാഷിംഗ്ടണ്‍: ലോകമെമ്പാടും സാമ്പത്തിക മാന്ദ്യത്തെയും ആഗോള വ്യാപാര യുദ്ധത്തെയും കുറിച്ചുള്ള ഭയത്തിന് കാരണമായ അമേരിക്കയുടെ തീരുവയുദ്ധത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും, ശതകോടീശ്വരനും ട്രംപിന്റെ ഉപദേശകനുമായ ഇലോണ്‍ മസ്‌കും ഭിന്നതയില്‍. ചൈനീസ് ഇറക്കുമതികള്‍ക്ക് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ പിന്‍വലിക്കാന്‍ മസ്‌ക് അഭ്യര്‍ത്ഥിച്ചെന്നും എന്നാല്‍ ട്രംപ് അത് നിരസിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.
വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞയാഴ്ച അദ്ദേഹം പ്രഖ്യാപിച്ച 34 ശതമാനം നികുതികള്‍ക്കൊപ്പം ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് 50 ശതമാനം താരിഫ് കൂടി ചേര്‍ക്കുമെന്ന് ട്രംപ് തിങ്കളാഴ്ച ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്) വകുപ്പ് മേധാവി കൂടിയായ’ മസ്‌ക് ഇടപെടല്‍ നടത്താന്‍ ശ്രമം നടത്തിയത്.
അമേരിക്കയെയും ചൈനയെയും പ്രധാന വിപണികളായി കാണുന്ന മസ്കിന് വാഹനനിര്‍മാണ മേഖലയ്ക്ക് തീരുവ ദോഷം ചെയ്യുമെന്ന നിലപാടാണ് ഉള്ളത്. ട്രംപ് പ്രസിഡന്‍റായ ആദ്യ കാലയളവില്‍, ചൈനയില്‍ നിന്ന് അമേരിക്കയിലേക്കുള്ള ടെസ്ലയുടെ ഇറക്കുമതിയുടെ നികുതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മസ്ക് ഒരു കേസ് ഫയല്‍ ചെയ്തിരുന്നു.