
വാഷിംഗ്ടൺ: വളരെ ചെറിയ കാരണങ്ങള്‍ക്ക് പോലും അമേരിക്കയില്‍ പഠിക്കാനായെത്തിയവരുടെ വിദ്യാര്‍ഥി വിസകൾ റദ്ദാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചെറിയ ട്രാഫിക് നിയമ ലംഘനങ്ങള്‍, സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍, അതിനോടുള്ള പ്രതികരണം തുടങ്ങി നിസാരമായ കാരണങ്ങളാണെങ്കിലും പോലും എഫ്-1 വിസ യു.എസ് അധികൃതര്‍ റദ്ദാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ.
പലസ്തീന്‍ അനുകൂല സമരത്തില്‍ പങ്കെടുത്തതിന്റെയോ അനുകൂലിച്ചതിന്റെയോ പേരില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഒട്ടേറെ വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യു.എസില്‍ പഠിക്കുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ ചെറിയ കുറ്റങ്ങള്‍ക്ക് പോലും ശിക്ഷയായി നാടുകടത്തല്‍ നടപടി സ്വീകരിക്കുന്നത്.
ഡോണൾഡ് ട്രംപ് ഭരണകൂടം അടുത്തിടെ വിസ റദ്ദാക്കിയത് 300-ലധികം വിദ്യാർത്ഥികളുടെയാണെന്ന് റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ഇത് അമേരിക്കയിൽ താമസിക്കുന്ന നിരവധി ഇന്ത്യൻ, മറ്റ് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. കൂടുതൽ വിദ്യാർത്ഥികളെ നാടുകടത്തൽ സമീപഭാവിയിലുണ്ടെന്ന് സൂചിപ്പിച്ച് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഈ ഭീതി വർദ്ധിപ്പിക്കുകയും ചെയ്തു.
കാമ്പസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നാണ് ആരോപണം. പ്രതിഷേധങ്ങളിൽ ശാരീരികമായി പങ്കെടുത്തവർ മാത്രമല്ല, സോഷ്യൽ മീഡിയയിൽ “രാജ്യവിരുദ്ധ” പോസ്റ്റുകൾ ലൈക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ കമൻ്റ് ചെയ്യുകയോ ചെയ്ത വിദ്യാർത്ഥികളെയും ഇത് ഉൾപ്പെടുത്തുന്ന രീതിയിൽ വ്യാപിപ്പിച്ചിരിക്കുകയാണ്.